സെഞ്ചൂറിയനിലെ പിച്ചിനെ 'പിച്ചി' ദക്ഷിണാഫ്രിക്ക, ഇത് മെയ്ഡ് ഇന്‍ ഇന്ത്യ

By Web DeskFirst Published Jan 16, 2018, 1:22 PM IST
Highlights

ജൊഹ്‌നാസ്‌ബര്‍ഗ്: സെഞ്ചൂറിയന്‍ ടെസ്റ്റിന് മുമ്പ് പിച്ചിനെക്കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ബൗണ്‍സുള്ള പിച്ചാണെന്നതായിരുന്നു. കേപ്‌ടൗണില്‍ ഇന്ത്യക്ക് വെല്ലുവിളിയായത് ഫിലാന്‍ഡറുടെ സ്വിംഗാണെങ്കില്‍ സെഞ്ചൂറിയനില്‍ അത് മോണി മോര്‍ക്കലിന്റെ ബൗണ്‍സാകും എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സെഞ്ചൂറിയനില്‍ ആദ്യ ദിവസത്തെ കളി കഴിഞ്ഞപ്പോള്‍ തന്നെ ഇരുടീമുകള്‍ക്കും മനസിലായ ഒരു കാര്യമുണ്ട്, ഇത് ഇതുവരെ കണ്ട സെഞ്ചൂറിയന്‍ പിച്ചല്ല. ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കാരും പറയുന്നത് ഇത് ഇന്ത്യന്‍ പിച്ചാണെന്നാണ്.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയത് ഓഫ് സ്പിന്നറായ അശ്വിനായിരുന്നു. ആദ്യ ദിനം തന്നെ പിച്ചിലെ ടേണ്‍ കണ്ട് ഇന്ത്യക്കാര്‍ പോലും അമ്പരന്നു. ടേണ്‍ മാത്രമല്ല താഴ്ന്നു പറക്കുന്ന പന്തുകളും അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്ന പന്തുകളുമെല്ലാം സെഞ്ചൂറിയന് ഇന്ത്യന്‍ പിച്ചെന്ന് പേര് സമ്മാനിച്ചു കഴിഞ്ഞു. പിച്ചിനെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നാലു വിക്കറ്റുമായി തിളങ്ങിയെങ്കിലും സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കിലെ പിച്ച് ടിപ്പിക്കല്‍ ഇന്ത്യന്‍ പിച്ചാണെന്നാണ് മോര്‍ക്കലിന്റെ വാദം.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍ എറിഞ്ഞത് 31 ഓവറായിരുന്നു.

സെഞ്ചൂറിയനിലെ പിച്ചില്‍ ഒരു സ്പിന്നര്‍ ഇത്രയും ഓവറുകള്‍ എറിയുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും മോര്‍ക്കല്‍ പറയുന്നു.

സ്കോറിംഗിന് മാത്രമല്ല ബാറ്റ്സ്മാനെ പുറത്താക്കാനും ഇവിടെ പ്രയാസമാണെന്നും അത്തരമൊരു പിച്ചല്ല തങ്ങള്‍ക്ക് വേണ്ടിയിരുന്നതെന്നും മോര്‍ക്കല്‍ പറഞ്ഞു. കരിയറില്‍ ഒരുപാട് മത്സരങ്ങള്‍ ഇവിടെ കളിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു പിച്ച് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും മോര്‍ക്കല്‍ പറഞ്ഞു.

പേസും ബൗണ്‍സുമുള്ള പിച്ചാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് രണ്ടാം ടെസ്റ്റിന് മുമ്പെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി ആവശ്യപ്പെട്ടിരുന്നു.

click me!