ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ആര്യനന്ദയും ഇവാന ഷാനിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തിനെതിരെ ഹരിയാനയ്ക്ക് ഒൻപത് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 28.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ ഖുഷി ഛില്ലാറാണ് ഹരിയാനയുടെ വിജയം അനായാസമാക്കിയത്. സ്കോർ: കേരളം 35 ഓവറിൽ 162/6, ഹരിയാന 28.1 ഓവറിൽ 166/1
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ആര്യനന്ദയും ഇവാന ഷാനിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. ആര്യനന്ദ 39 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ വൈഗ അഖിലേഷ് അക്കൗണ്ട് തുറക്കാതെ റണ്ണൗട്ടായി മടങ്ങി. എന്നാൽ ജൊഹീന ജിക്കുപാൽ 20-ഉം ഷിവാനി എം 27-ഉം റൺസെടുത്തു. 43 റൺസെടുത്ത ക്യാപ്റ്റൻ ഇവാനയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ഹരിയാനയ്ക്ക് വേണ്ടി നിയ റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണർമാരായ ഖുഷി ഛില്ലാറും സന ദേസ്വാളും ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് മുതൽക്കൂട്ടായത്. ഇരുവരും ചേർന്ന് 92 റൺസാണ് കൂട്ടിച്ചേർത്തത്. 29 റൺസെടുത്ത സന ദേസ്വാൾ റണ്ണൗട്ടായെങ്കിലും തുടർന്നെത്തിയ മന്വി ചിത്രയ്ക്കൊപ്പം ചേർന്ന് ഖുഷി ഹരിയാനയെ അനായാസം വിജയത്തിലെത്തിച്ചു. 106 റൺസുമായി ഖുഷിയും 22 റൺസുമായി മന്വിയും പുറത്താകാതെ നിന്നു. 97 പന്തുകളിൽ 16 ബൗണ്ടറികളും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഖുഷിയുടെ ഇന്നിങ്സ്.


