
റാഞ്ചി: പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെയികെ ഇന്നലെ നടന്ന ഭാരത് ബന്ദിന്റെ ഭാഗമായി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമെന്ന് സ്ഥിരീകരണം. ധോണിയും ഭാര്യ സാക്ഷിയും മറ്റൊരു സ്ത്രീക്കൊപ്പം പെട്രോള്‍ പമ്പിന് മുന്നിലിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഒപ്പം ധോണിയുടേതെന്ന പേരിലുള്ള വ്യാജ ട്വീറ്റും ഉണ്ടായിരുന്നു.
ധോണിയുടേതായി ഇത്തരത്തില്‍ പ്രചരിച്ച ട്വീറ്റില്‍ താന്‍ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നത് നിര്‍ത്തിയെന്നും പെട്രോള്‍ വില ലിറ്ററിന് 90 രൂപയായത് തനിക്ക് താങ്ങാന്‍ പറ്റില്ലെന്നും പറഞ്ഞിരുന്നു. ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിലെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെന്ന് അവകാശപ്പെട്ട അരുണ്‍ ഠാക്കൂര്‍ എന്നായാളും ഈ ചിത്രം ട്വീറ്റ് ചെയ്യുകയും കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ നിരവധിയാളുകള്‍ ഇത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു. പിന്നീട് ഠാക്കൂര്‍ തന്റെ ട്വീറ്റ് പിന്‍വലിച്ചു.
എന്നാല്‍ ഓഗസ്റ്റില്‍ പരസ്യ ചിത്രീകരണത്തിനായി ധോണിയും ഭാര്യ സാക്ഷിയും സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റായ സപ്നാ ഭവാനിയും ചേര്‍ന്ന് ഹിമാചല്‍പ്രദേശിലെ ഷിംല സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പിലിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ധോണി ഭാരത് ബന്ദില്‍ പങ്കെടുത്തുവെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ഓഗസ്റ്റ് 30ന് ധോണി ഫാന്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രമാണിത്. അത് സപ്ന ഭവാനി തന്റെ ട്വിറ്റര്‍ പേജില്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!