ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് പിഴച്ചതിവിടെ‍; തോല്‍വിയുടെ കാരണം നിരത്തി ധോണി

By Web TeamFirst Published Sep 13, 2018, 7:26 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റതിന്‍റെ കാരണം കണ്ടെത്തി ധോണി. ഗവാസ്‌കറും ഇതേ നിരീക്ഷണമാണ് ഇന്ത്യന്‍ ടീമിനെ കുറിച്ച് നടത്തിയത്. 

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒട്ടും സന്തോഷം നല്‍കുന്ന ഫലമല്ല ഇംഗ്ലണ്ട് പര്യടനം നല്‍കിയത്. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം മാത്രം ഇന്ത്യ വിജയിച്ചു. ബൂംറയും ഇശാന്തും ഷമിയും നയിക്കുന്ന  പേസ് നിര മികച്ച് പ്രകടനം പുറത്തെടുത്തിട്ടും ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് പിഴച്ചതാണ് ദയനീയ തോല്‍വിയിലേക്ക് നയിച്ചത്.  ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ ന്യൂനത തുറന്നുകാട്ടുകയാണ് മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ എംഎസ് ധോണി. 

ഇംഗ്ലീഷ് പര്യടനത്തിന് മുന്‍പ് വേണ്ടത്ര പരിശീലന മത്സരങ്ങള്‍ കളിക്കാതിരുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. അതുകൊണ്ടാണ് ബാറ്റ്സ്മാന്‍മാര്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയത്. റാങ്കിംഗില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ എന്നത് നാം മറക്കരുതായിരുന്നു. റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായ ധോണി വ്യക്തമാക്കി. പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യ റാങ്കിംഗില്‍ 10 പോയിന്‍റുകള്‍ നഷ്ടമാക്കിയിരുന്നു. 

ഇംഗ്ലണ്ടില്‍ പരമ്പരയ്ക്ക് മുന്‍പ് എസെക്‌സിനെതിരെ ഒരു പരിശീലന മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. പരിശീലന മത്സരങ്ങളുടെ അഭാവമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കഴിയാത്തതിന് പിന്നിലെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും തുറന്നുപറഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യക്കായി വീണ്ടും കളിക്കാനൊരുങ്ങുകയാണ് ധോണി. 

click me!