
ലണ്ടന്‍: മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ പോള്‍ കോളിംഗ്‌വുഡ് ഈ സീസണോടെ പ്രഫഷണല്‍ കരിയറിനോട് വിടപറയും. 2011ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം കൗണ്ടിയില്‍ ഡര്‍ഹാമിനായി കളിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദ്യ ലോക കിരീടം നേടിയ നായകനായ കോളിംഗ്‌വുഡ് അന്താരാഷ്‌ട്ര- അഭ്യന്തര ക്രിക്കറ്റുകളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് പാഡഴിക്കുന്നത്. പോള്‍ മികച്ച ഓള്‍റൗണ്ടറും തകര്‍പ്പന്‍ ഫീല്‍ഡറുമായിരുന്നു.
കോളിംഗ്‌വുഡിന്‍റെ നായകത്വത്തില്‍ ഇംഗ്ലണ്ട് 2010ല്‍ ടി20 ലോകകപ്പുയര്‍ത്തിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22 വര്‍ഷം മുന്‍പ് അരങ്ങേറിയ താരം 17,000ത്തോളം റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനായി 68 ടെസ്റ്റും 197 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 4259 റണ്‍സും 17 വിക്കറ്റും, ഏകദിനത്തില്‍ 5092 റണ്‍സും 111 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം പോളാണ്.
ദീര്‍ഘകാല കരിയറില്‍ അഭിമാനമുണ്ടെന്നും ഇംഗ്ലണ്ടിനായും ഡര്‍ഹാമിനായും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാനായതായും കോംളിംഗ്‌വുഡ് പറഞ്ഞു. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് പോള്‍ എന്ന് ഡര്‍ഹാം ചെയര്‍മാനും മുന്‍ ഇംഗ്ലീഷ് നായകനുമായ ഇയാം ബോത്തം അഭിപ്രായപ്പെട്ടു. അലിസ്റ്റര്‍ കുക്കിന് ശേഷം മറ്റൊരു ഇതിഹാസം കൂടി പാഡഴിക്കുന്നു എന്നായിരുന്നു മൈക്കല്‍ വോണിന്‍റെ പ്രതികരണം. മിഡില്‍സെക്‌സിനെതിരെ സെപ്റ്റംബര്‍ 24ന് കോളിംഗ്‌വുഡിന്‍റ അവസാന മത്സരം ആരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!