സിംബാബ്‌വെയ്‌ക്കെതിരെ റിങ്കു സിംഗിന് പകരം പ്ലേയിങ് ഇലവനിലെത്തിയ സഞ്ജു, അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറായാണ് കളത്തിലിറങ്ങിയത്.
ചെന്നൈ: ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ ഉജ്ജ്വല വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ചും ഉപദേശിച്ചും ഇന്ത്യൻ ഓഫ് സ്പിൻ ഇതിഹാസം ആർ. അശ്വിൻ. സഞ്ജു ഈ ലോകകപ്പ് ഒരു സെഞ്ച്വറിയോ അല്ലെങ്കിൽ ഒരു മാച്ച് വിന്നിംഗ് പ്രകടനമോ നടത്തി അവസാനിപ്പിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അശ്വിൻ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിലൂടെയാണ്' അശ്വിന്‍ സഞ്ജുവിനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചത്.
സിംബാബ്‌വെയ്‌ക്കെതിരെ റിങ്കു സിംഗിന് പകരം പ്ലേയിങ് ഇലവനിലെത്തിയ സഞ്ജു, അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറായാണ് കളത്തിലിറങ്ങിയത്. 15 പന്തിൽ 24 റൺസെടുത്ത സഞ്ജുവിന്‍റെ പ്രകടനം ടീമിന് മികച്ച തുടക്കം നൽകാൻ സഹായിച്ചിരുന്നു.സഞ്ജുവിന്‍റെ പ്രകടനത്തെ രണ്ട് രീതിയിലാണ് കാണുന്നതെന്ന് അശ്വിൻ വിശദീകരിച്ചു:
ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഓപ്പണിംഗ് കൂട്ടുകെട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഞ്ജുവിന് സാധിച്ചു. ഫൈനൽ വരെ സഞ്ജു ഇത്തരത്തിൽ 15 പന്തിൽ 28 റൺസോ, 16 പന്തിൽ 30 റൺസോ നൽകിയാൽ തന്നെ അദ്ദേഹം തന്‍റെ ജോലി ഭംഗിയായി ചെയ്തു എന്ന് പറയാം. എന്നാല്‍ സഞ്ജു എന്ന വ്യക്തിയെ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം വലിയ സ്കോറുകൾ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലോകകപ്പില്‍ ബാക്കിയുള്ള മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറികൾ നേടാൻ സഞ്ജു ശ്രമിക്കണം. മൂന്ന് ലഭിച്ചില്ലെങ്കിൽ ഒന്നെങ്കിലും നേടണം.കഠിനാധ്വാനം ചെയ്ത് ഈ വലിയ വേദിയിൽ എത്തിയ സ്ഥിതിക്ക് സഞ്ജു ഇത് മുതലാക്കണം. ഈ ലോകകപ്പ് ഒരു സെഞ്ച്വറിയോടെ അദ്ദേഹം അവസാനിപ്പിക്കണം, അവന്‍ അത് അർഹിക്കുന്നുവെന്നും അശ്വിന്‍ പറഞ്ഞു.സെഞ്ച്വറി ലഭിച്ചില്ലെങ്കിൽ പോലും, സഞ്ജുവിന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് ഈ ലോകകപ്പിൽ ഉണ്ടാവണമെന്നും അശ്വിന്‍ പറഞ്ഞു.
സഞ്ജു പുറത്താകുന്ന രീതിയിലെ ആവർത്തനത്തെക്കുറിച്ച് അശ്വിൻ ആശങ്ക പ്രകടിപ്പിച്ചു. സിംബാബ്‌വെയ്‌ക്കെതിരെ പുൾ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു പുറത്തായത്. സഞ്ജുവിന്‍റെ പുൾ ഷോട്ടുകൾ പലപ്പോഴും ബാറ്റിൽ കൃത്യമായി കൊള്ളുന്നില്ല. സാങ്കേതികമായി മാറ്റങ്ങൾ വരുത്തിയില്ലെങ്കിലും തന്ത്രപരമായ ചില മാറ്റങ്ങൾ അദ്ദേഹം വരുത്തേണ്ടതുണ്ട്. ബോഡി പൊസിഷനിൽ ശ്രദ്ധിച്ചാൽ സഞ്ജുവിന് കൂടുതൽ റൺസ് കണ്ടെത്താനാകുംമെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.
സഞ്ജു ഓപ്പണറായി എത്തിയത് ഇന്ത്യയുടെ ടോപ്പ് ഓർഡറിലെ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും, ഫിനിഷറായ റിങ്കു സിംഗിന്റെ അഭാവം ടീമിൽ പ്രകടമാണ്. വരും മത്സരങ്ങളിൽ ഇന്നിംഗ്സ് ഫിനിഷ് ചെയ്യാനുള്ള വലിയ ഉത്തരവാദിത്തം തിലക് വർമ്മയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും ആയിരിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു. മാർച്ച് 1-ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന നിർണ്ണായക മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിംഗ് ഇന്ത്യക്ക് വീണ്ടും കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
