ശാപമോക്ഷം കാത്ത് ഹൈ ഓൾട്ടിറ്റ്യൂഡ് സെന്റർ

By Web DeskFirst Published Jul 2, 2016, 3:57 PM IST
Highlights

മൂന്നാര്‍: ശാപമോക്ഷം കാത്ത് കഴിയുകയാണ് മൂന്നാറിലെ ഹൈ ഓൾട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രം. അറ്റകുറ്റപ്പണി പോലും നടത്താതെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലാണ് കായികതാരങ്ങൾ കഴിയുന്നത്. പുതിയ സ്പോർട്‌സ് കൗൺസിൽ അധികാരമേൽക്കുമ്പോഴെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ഏറെ കൊട്ടിഘോഷിച്ചാണ് മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രം നിർമ്മിച്ചത്. ഇവിടെ സിന്തറ്റിക്ക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയം, നക്ഷത്ര ഹോട്ടൽ, സ്പോർട്‌സ് മ്യൂസിയം എന്നിങ്ങനെ കേരളത്തിന്റെ കായിക വികസനത്തിന് ഏറെ പ്രതീക്ഷ പകരുന്ന വാഗ്ദ്ധാനങ്ങളും ഉണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് എട്ട് വർഷം കഴിയുമ്പോൾ ഏറെ പരിതാപകരമാണ് ഈ സെന്ററിന്റെ അവസ്ഥ.

മഴക്കാലത്ത് നശിച്ചുപോയ മേൽക്കൂരകൾക്ക് കീഴിലാണ് താരങ്ങളുടെ താമസവും പരിശീലനവും. ചോർന്നൊലിക്കുന്ന ഭിത്തികൾ. മൈതാനമാകട്ടെ കാടുപിടിച്ച് കിടക്കുന്നു. ചുറ്റുമതിലില്ലാത്തതിനാൽ കന്നുകാലികളുടെ മേച്ചിൽപ്പുറം കൂടിയാണിവിടം. അധികൃതരെ അറിയിച്ചിട്ടും പരിഹാരമില്ലെന്നാണ് താരങ്ങളുടെ പരാതി.

2008ലാണ് ഹൈആൾട്ടിറ്റ്യൂഡ് സെന്റർ ഉദ്ഘാടനം ചെയ്യുന്നത്. ഒളിംപിക് സെന്റർ വരെ പ്രവർത്തനം തുടങ്ങുമെന്ന് വാഗ്ദ്ധാനം ഉണ്ടായെങ്കിലും  സംസ്ഥാന തലത്തിലുള്ള കായിക താരങ്ങൾക്ക് പോലും ഇത് കാര്യമായി പ്രയോജനപ്പെടുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

2013ൽ പരിശീലനത്തിനെത്തിയ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇവിടെ സൗകര്യമില്ലെന്ന് പറഞ്ഞ് തിരിച്ചുപോയതും ചരിത്രം. ഇനി പ്രതീക്ഷ പുതിയ സ്പോർട്‌സ് കൗൺസിൽ ഭാരവാഹികളിലാണ്. അവർ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം.

 

click me!