ക്രിക്കറ്റ് പാരമ്പര്യം തകര്‍ത്തു; ശ്രീലങ്കന്‍ ടീമിനെ കുറ്റപ്പെടുത്തി മുത്തയ്യ മുരളീധരന്‍

By Web TeamFirst Published Feb 9, 2019, 9:55 PM IST
Highlights

ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങളോടും ലങ്കന്‍ പുതുതലമുറ തോറ്റമ്പി. മൂന്ന് തവണ ലോകകപ്പ് ഫൈനല്‍ കളിച്ച ടീം പരാജയത്തിന്‍റെ കയങ്ങളിലേക്ക് കാലിടറി വീഴുകയായിരുന്നു.

കൊളംബോ: മഹേള ജയവര്‍ദ്ധന, കുമാര്‍ സംഗക്കാര, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ സുവര്‍ണ തലമുറ പടിയിറങ്ങിയ ശേഷം ശോഭനമല്ല ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ ഭാവി. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങളോടും ലങ്കന്‍ പുതുതലമുറ തോറ്റമ്പി. മൂന്ന് തവണ ലോകകപ്പ് ഫൈനല്‍ കളിച്ച ടീം പരാജയത്തിന്‍റെ കയങ്ങളിലേക്ക് കാലിടറി വീഴുകയായിരുന്നു.

ലങ്കന്‍ പ്രതാപം തകര്‍ത്ത പുതു തലമുറയ്ക്കെതിരെ ചെറിയ രോക്ഷമല്ല ഉയരുന്നത്. ഇതിഹാസ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍ തന്നെ ലങ്കന്‍ ക്രിക്കറ്റിന്‍റെ തകര്‍ച്ചയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. 'വിരമിച്ചതിന് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റുമായി സഹകരിച്ചിട്ടില്ല. ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ നാശം നിരാശപ്പെടുത്തുന്നു. മൂന്ന് ലോകകപ്പ് ഫൈനല്‍ കളിച്ച, പ്രൗഢമായ ക്രിക്കറ്റ് പാരമ്പര്യമുള്ള രാജ്യത്തിന്‍റെ പ്രകടനം ആശങ്കപ്പെടുത്തുന്നതായും' മുത്തയ്യ പറഞ്ഞു. 

'തങ്ങള്‍ കളിച്ചിരുന്ന 90കളില്‍ പണമൊരു ഘടകമായിരുന്നില്ല. കളിക്കുക, വിക്കറ്റെടുക്കുക, റണ്‍സടിച്ചുകൂട്ടുക എന്നതായിരുന്നു ലക്ഷ്യം. ആ താല്‍‌പര്യം അല്‍പം മാറിയിട്ടുണ്ട്. പണത്തിനാണ് താരങ്ങള്‍ പരിഗണന കൊടുക്കുന്നതെങ്കില്‍ ക്രിക്കറ്റിന്‍റെ നിലവാരം തകരും. കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളില്‍ പ്രതിഭാശാലികളായ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും' ഇതിഹാസ താരം പറഞ്ഞു.  

click me!