
വെല്ലിംഗ്‌ടണ്‍: ജോലി സ്ഥലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളുടെ മീ ടൂ ക്യാംപയിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം അര്‍ജുന രണതുംഗ ലൈംഗികമായി അപമാനിച്ചെന്ന് ഇന്ത്യക്കാരിയായ എയര്‍ ഹോസ്റ്റസിന്‍റെ വെളിപ്പെടുത്തലാണ് കായികലോകത്തെ ഇന്ന് പിടിച്ചുലച്ച മീ ടൂ സംഭവം. എന്നാല്‍ കളിക്കാര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയെ കുറിച്ച് ചരിത്രത്തിലാദ്യമായി എഴുതിച്ചേര്‍ത്ത് ന്യൂസീലാന്‍ഡ് ക്രിക്കറ്റ് പ്ലെയേര്‍സ് അസോസിയേഷന്‍ ചരിത്രമെഴുതിയിരിക്കുകയാണ്.
'മികച്ച തീരുമാനങ്ങളെടുക്കുന്നത് ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. ലൈംഗിക ജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. സമ്മതം അനിവാര്യതയാവുന്നു. സാഹചര്യം പ്രധാനമല്ല, ലൈംഗിക സമ്മതമാണ് നിര്‍ണായകം. ഓര്‍മ്മിക്കുക, ശരിയായ സമ്മതം മികച്ച ആശയവിനിമയമാണ്. ഒരാളുമായി ലൈംഗികബന്ധം പുലര്‍ത്തണമെങ്കില്‍ ഓരോ തവണയും നിയമപരമായ അനുമതി(സമ്മതം) വാങ്ങിയിരിക്കണം'. ശരിയായ തീരുമാനമെടുക്കല്‍(good decision making) എന്ന തലക്കെട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുത്തന്‍ നിര്‍ദേശത്തിന്‍റെ കാതലായ ഭാഗമാണിത്.
ഇതേസമയം ശ്രീലങ്കയ്ക്ക് 1996 ലോകകപ്പ് നേടിക്കൊടുത്ത നായകനായ രണതുംഗയ്ക്കെതിരായ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാവുകയാണ്. മുംബൈയിലെ ജൂഹു സെന്‍റര്‍ ഹോട്ടലില്‍ സിമ്മിംഗ് പൂളിന് സമീപത്തുവെച്ച് രണതുംഗ അരക്കെട്ടില്‍ കൈയമര്‍ത്തിയെന്നും മാറിടത്തിന് സമീപത്തുകൂടെ വിരലോടിച്ചെന്നുമാണ് ഇന്ത്യക്കാരിയായ എയര്‍ഹോസ്റ്റസിന്‍റെ വെളിപ്പെടുത്തല്‍. സംഭവം ഹോട്ടല്‍ റിസപ്‌ഷനില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വെളിപ്പെടുത്തലിലുണ്ട്. വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ രണംതുംഗ ഇപ്പോള്‍ ശ്രീലങ്കയിലെ പെട്രോളിയം വിഭവശേഷി വികസനമന്ത്രിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!