നിദാഹാസ് ട്രോഫി; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം

By Web DeskFirst Published Mar 8, 2018, 10:36 PM IST
Highlights
  • ഇന്ത്യയുടെ ജയം ആറ് വിക്കറ്റിന്

കൊളംബോ: നിദാഹാസ് ട്രോഫി ടി20യില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. തുടര്‍ച്ചായ രണ്ടാം മത്സരത്തിലും അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശീഖര്‍ ധവാന്‍(55) ആണ് ഇന്ത്യയ്ക്ക് വിജയമുറപ്പിച്ചത്. നേരത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് കാട്ടിയപ്പോള്‍ ബംഗ്ലാ കടുവകള്‍ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സിന് ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം ഇന്ത്യ നേടുമെന്ന് തോന്നിച്ചു. എന്നാല്‍ തുടര്‍ച്ചയായ ബാറ്റിംഗ് പരാജയത്തിന് അടിവരയിട്ട് രോഹിത് നാലാം ഓവറില്‍ കൂടാരംകയറി. പതിമൂന്ന് പന്തില്‍ 17 റണ്‍സെടുത്ത ഹിറ്റ്മാനെ മുസ്തഫിസറാണ് മടക്കിയത്. മൂന്നാമനായി യുവതാരം റിഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കി. എന്നാല്‍ ആദ്യ ടി20ലെ പ്രകടനം തുടരുമെന്ന് പ്രതീക്ഷിച്ച റിഷഭ് പന്ത്(7) നിരാശപ്പെടുത്തി. പന്തിനെ റൂബേല്‍ പുറത്താക്കിയതോടെ ഇന്ത്യ 5.1 ഓവറില്‍ രണ്ട് വിക്കറ്റിന് 40 റണ്‍സെന്ന നിലയിലായി. 

ധവാന്‍-റെയ്‌ന സഖ്യം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യയെ കാത്തു. എന്നാല്‍ 28 റണ്‍സെടുത്ത റെയ്‌നയെ വീഴ്ത്തി റൂബേല്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് ഭീഷണിയായി. മറുവശത്ത് ധവാന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി മുന്നേറി. പിന്നാലെ 43 പന്തില്‍ 55 റണ്‍സെടുത്ത ധവാനെ പുറത്താക്കി ടസ്‌കിന്‍ ഞെട്ടിച്ചതോടെ 16.4 ഓവറില്‍ 123-4. എന്നാല്‍ കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ മനീഷ് പാണ്ഡെയും(27) ദിനേശ് കാര്‍ത്തിക്കും(2) ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ ബൗളര്‍മാരുടെ കരുത്തില്‍ല് ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു. 34 റണ്‍സെടുത്ത ലിതണ്‍ ദാസാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. സാബിര്‍ റഹ്‌മാന്‍ 30 റണ്‍സെടുത്തും മുഷ്‌ഫീഖര്‍ റഹീം 18 റണ്‍സെടുത്തും പുറത്തായി. ഇന്ത്യയ്ക്കായി ഉനദ്കട്ട് മൂന്നും വിജയ് ശങ്കര്‍ രണ്ടും ഠാക്കുറും ചഹലും ഓരോ വിക്കറ്റും വീഴ്ത്തി. കൃത്യമായ ഇടവേളകളിലെ വിക്കറ്റ് വീഴ്ച്ചയും കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ പോയതുമാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.

click me!