രഹാനെയുടെ കാര്യത്തില്‍ കുംബ്ലെയുടെ തീര്‍പ്പ്

By Web DeskFirst Published Mar 2, 2017, 1:19 PM IST
Highlights

ബംഗളൂരു: മോശം ഫോമിലുള്ള അജിങ്ക്യാ രഹാനെയെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെ. രഹാനെയെ ഒഴിവാക്കുന്ന പ്രശ്നമില്ലെന്ന് കുംബ്ലെ മാധ്യമങ്ങളോട് പറഞ്ഞു. കരുണ്‍ നായര്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷവും ടീമിനായി രഹാനെ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ തിളക്കം അതുകൊണ്ട് നഷ്ടമാകില്ലെന്ന് കുംബ്ലെ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി രഹാനെ ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. അന്തിമ ടീം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂവെങ്കിലും രഹാനെയെ ഒഴിവാക്കില്ലെന്ന് കുംബ്ലെ വ്യക്തമാക്കി.

ടീമിലുള്ള 16 പേരും സെലക്ഷന്‍ പരിഗണനാര്‍ഹരാണ്. ട്രിപ്പിള്‍ അടിച്ചിട്ടും കരുണിന് ടീമില്‍ അവസരം ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെങ്കിലും അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ അത്തരം തീരുമാനങ്ങളെടുക്കേണ്ടിവരും. എങ്കിലും കരുണിനെപ്പോലൊരു ബാറ്റ്സ്മാന്‍ റിസര്‍വ് ബെഞ്ചിലുള്ളത് സന്തോഷം നല്‍കുന്നകാര്യമാണെന്നും കുംബ്ലെ പറഞ്ഞു. ബംഗളൂരു ടെസ്റ്റിലും അഞ്ച് ബൗളര്‍മാരുമായി കളിക്കുമോ എന്ന ചോദ്യത്തിന് ശരിയായ ടീം ആയിരിക്കും ബംഗളൂരുവില്‍ ഇറങ്ങുക എന്നായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കുംബ്ലെയുടെ മറുപടി.

ചിന്നസ്വാമിയിലേത് ഫലമുണ്ടാകുന്ന പിച്ചാണെന്നും കുംബ്ലെ പറഞ്ഞു. പൂനെയിലെ തോല്‍വിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മുമ്പിലുള്ള മത്സരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു.

click me!