
ദില്ലി: മേരി കോം, മിൽഖാ സിംഗ്, എം എസ് ധോണി എന്നിവർക്ക് പിന്നാലെ ബൈച്ചുംഗ് ബൂട്ടിയയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്. ഡൽഹി ഹൈറ്റ്സ്, സില ഗാസിയാബാദ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ ആനന്ദ് കുമാറാണ് ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ ബൈച്ചുംഗ് ബൂട്ടിയയുടെ ജീവിതം സിനിമയാക്കുന്നത്.
റഷ്യൻ ലോകകപ്പിനിടെയാണ് ബൂട്ടിയയുടെ ജീവിതം സിനിയാക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് ആനന്ദ് കുമാർ പറഞ്ഞു. ബൂട്ടിയയും സമ്മതം അറിയിച്ചതോടെ തിരക്കഥാ രചനയിലേക്ക് കടന്നു.സംവിധായകനേയും നായകനേയും ഉടൻ പ്രഖ്യാപിക്കും.
ഇന്ത്യൻ ഫുട്ബോളിന് ദൈവം നൽകിയ വരദാനം എന്ന് ഐ എം വിജയൻ വിശേഷിപ്പിച്ച ബൂട്ടിയ ഇന്ത്യക്കായി 104 കളിയിൽ നിന്ന് 40 ഗോൾ നേടിയിട്ടുണ്ട്. സുബ്രതോ കപ്പ് ഫുട്ബോളിന്‍റെ കണ്ടെത്തലായ ബൂട്ടിയ ഈസ്റ്റ് ബംഗാൾ, ജെസിടി, മോഹൻ ബഗാൻ, ക്ലബുകളുടെ താരമായിരുന്നു.
മുഹമ്മദ് സലീമിന് ശേഷം ആദ്യമായി യൂറോപ്പിൽ കളിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ബൂട്ടിയ മലേഷ്യൻ ലീഗിലും ബൂട്ടണിഞ്ഞു. 2011ൽ വിരമിച്ച ശേഷം സന്തോഷ് ട്രോഫിയിൽ സിക്കിമിന്‍റെയും ,സിക്കിം യുണൈറ്റഡ് ക്ലബിന്‍റെയും
പരിശീലനായി. ഇതിനിടെ ബൈച്ചുംഗ് ബൂട്ടിയ ഫുട്ബോൾ സ്കൂൾസിനും തുടക്കമിട്ടു.
ഫുട്ബോൾ കമന്‍റേറ്ററായി പ്രവർത്തിക്കുന്നതിനിടെ രാഷ്ട്രീയത്തിലേക്കിറങ്ങി. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ഡാർജലിംഗ് മണ്ഡലത്തിൽ മത്സരിച്ച ബൂട്ടിയ ഹംറോ സിക്കിം പാർട്ടി രൂപീകരിച്ചു. ആനന്ദ് കുമാർ നിർമിക്കുന്ന ചിത്രം തന്‍റെ ജീവിതത്തോട് നീതി പുലർത്തുമെന്നാണ് പ്രതീക്ഷയെന്ന് ബൂട്ടിയ പറഞ്ഞു.
സൈന നേവാൾ, അഭിനവ് ബിന്ദ്ര, പുല്ലേല ഗോപിചന്ദ്, മിതാലി രാജ് എന്നിവരുടെ ജീവിതം പ്രമേയമാക്കിയ സിനിമകളുടെ പ്രവർത്തനങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!