ത്രിവര്‍ണ പതാകയെ പാറിപ്പറപ്പിച്ച അവര്‍ വീണ്ടും ഒത്തുക്കൂടി; ലോകത്തിന്‍റെ ആദരം ഏറ്റുവാങ്ങി

By Web TeamFirst Published Nov 28, 2018, 2:48 PM IST
Highlights

മലേഷ്യയിൽ നടന്ന 1975ലെ ലോകകപ്പിൽ പാകിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ലോക ഹോക്കിയിൽ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തേയും കിരീട നേട്ടമായിരുന്നു ഇത്

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയുടെ ഉദ്ഘാടന വേദിയിൽ ഇന്ത്യയുടെ ഇതിഹാസ താരങ്ങൾക്ക് ആദരം. 1975ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ താരങ്ങളെയാണ് ആദരിച്ചത്. ഇന്ത്യൻ ഹോക്കിയിലെ ജീവിക്കുന്ന ഇതിഹാസങ്ങൾ ലോകകപ്പ് നേട്ടത്തിന്‍റെ സ്മരണയില്‍ ആദരം ഏറ്റുവാങ്ങി.

ക്യാപ്റ്റൻ അജിത്പാൽ സിംഗിന്‍റെ നേതൃത്വത്തിലുള്ള 12 താരങ്ങളാണ് ലോകകപ്പ് ഉദ്ഘാടന വേദിയിലെത്തിയത്. ഒഡീഷ സർക്കാരാണ് താരങ്ങളെ ആദരിച്ചത്. മലേഷ്യയിൽ നടന്ന 1975ലെ ലോകകപ്പിൽ പാകിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്.

ലോക ഹോക്കിയിൽ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തേയും കിരീട നേട്ടമായിരുന്നു ഇത്. ഹോക്കി ലോകകപ്പിൽ ഇന്ന് ഇന്ത്യ ആദ്യ മത്സരത്തില്‍ ഇറങ്ങുന്നുണ്ട്. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വൈകിട്ട് ഏഴിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീമിൽ പി.ആര്‍. ശ്രീജേഷാണ് ഏക മലയാളി സാന്നിധ്യം. ലോക റാങ്കിംഗില്‍ അ‍ഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത് മൂന്നാം റാങ്കുകാരായ ബെല്‍ജിയം, 11-ാം സ്ഥാനത്തുള്ള കാനഡ , 15-ാമതുള്ള ദക്ഷിണാഫ്രിക്ക എന്നിവരാണ്. വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ബെൽജിയം കാനഡയെ നേരിടും. 

click me!