ടേക്ക് ഓഫിന് തൊട്ട് പിന്നാലെ നിരവധി തവണ തിരിച്ചിറങ്ങാൻ വിമാനം ശ്രമിച്ചതായാണ് പുറത്ത് വരുന്നത്. തിരിച്ചിറങ്ങാനുള്ള ശ്രമത്തിനിടെയാണ് വിമാനം റൺവേയിൽ ഇടിച്ചിറങ്ങി അഗ്നിഗോളമായത്.
സ്റ്റേറ്റ്‌സ്‌വില്ലെ: ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി. വിമാനത്താവളത്തിലേക്ക് ഇടിച്ചിറങ്ങിയ ചെറുവിമാനം അഗ്നിഗോളമായി. യാത്രക്കാർ കൊല്ലപ്പെട്ടു. അമേരിക്കയിലെ നോർത്ത് കരോലിനയിലെ സ്റ്റേറ്റ്‌സ്‌വില്ലെ പ്രാദേശിക വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. സെസ്ന സി 550 വിമാനമാണ് അപകടമുണ്ടായത്. അമേരിക്കൻ ഓട്ടോ റേസിംഗ് കമ്പനിയായ നാഷണൽ അസോസിയേഷൻ ഫോർ സ്റ്റോക്ക് കാർ ഓട്ടോ റേസിംഗിന്റെ മുൻ ഡ്രൈവറായ ഗ്രെഗ് ബിഫിളും കുടുംബവുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സ്വകാര്യ വിമാനത്തിലാണ് ഗ്രെഗ് ബിഫിളും കുടുംബവും സ്റ്റേറ്റ്‌സ്‌വില്ലെയിലേക്ക് എത്തിയത്. രാവിലെ 10.06 ന് ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അരമണിക്കൂറിനുള്ളിൽ തകർന്നത്.

തിരിച്ചിറങ്ങാനുള്ള ശ്രമത്തിനിടെ റൺവേയിൽ അഗ്നിഗോളമായി സെസ്ന സി 550
റൺവേയുടെ കിഴക്കൻ മേഖലയിലാണ് വിമാനം തകർന്ന് വീണത്. ആറ് പേരായിരുന്നു അപകട സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ ആറ് പേരും കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം സെക്കൻഡുകൾക്കുള്ളിൽ അഗ്നിഗോളമാവുകയായിരുന്നു. വിമാനത്തിൽ നിന്ന് തീയും പുകയും വലിയ രീതിയിലാണ് ഉയർന്നത്. നോർത്ത് കരോലിനയിലെ സ്വകാര്യ സ്ഥാപനത്തിന്റേതാണ് വിമാനം. നാഷണൽ അസോസിയേഷൻ ഫോർ സ്റ്റോക്ക് കാർ ഓട്ടോ റേസിംഗ് ചാംപ്യനായിരുന്ന ഗ്രെഗ്, ഭാര്യ, രണ്ട് കുട്ടികളും എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ടേക്ക് ഓഫിന് തൊട്ട് പിന്നാലെ നിരവധി തവണ തിരിച്ചിറങ്ങാൻ വിമാനം ശ്രമിച്ചതായാണ് പുറത്ത് വരുന്നത്. തിരിച്ചിറങ്ങാനുള്ള ശ്രമത്തിനിടെയാണ് വിമാനം റൺവേയിൽ ഇടിച്ചിറങ്ങി അഗ്നിഗോളമായത്.
55 കാരനായ ഗ്രെഗ് ബിഫിൾ, ഭാര്യ ക്രിസ്റ്റീന, 5 വയസുകാരനായ റൈഡർ, 14കാരിയായ എമ്മ എന്നിവരായിരുന്നു വിമാനത്തിലെ യാത്രക്കാർ. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഷണൽ അസോസിയേഷൻ ഫോർ സ്റ്റോക്ക് കാർ ഓട്ടോ റേസിംഗ് അടക്കം നിരവധി കമ്പനികൾക്ക് വിമാന സൗകര്യങ്ങൾ നൽകുന്ന വിമാനത്താവളങ്ങളിലൊന്നാണ് സ്റ്റേറ്റ്‌സ്‌വില്ലെയിലേത്. രണ്ട് പതിറ്റാണ്ടിലേറെ റേസിംഗ് രംഗത്ത് തിളങ്ങി നിന്ന ശേഷമാണ് ഗ്രെഗ് ബിഫിൾ വിരമിച്ചത്. നാസ്കാറിന്റെ 2023ലെ ഏറ്റവും മികച്ച 75 റേസിംഗ് ഡ്രൈവർമാരിൽ ഉൾപ്പെടുന്നയാളാണ ഗ്രെഗ്. വാഷിംഗ്ടണിലെ വാൻകൂവർ സ്വദേശിയാണ് ഗ്രെഗ്. 1998ലെ റൂക്കീ ഓഫ് ദി ഇയർ അവാർഡും 2000ത്തിലെ സീരീസ് ചാംപ്യൻഷിപ്പുമാണ് ഗ്രെഗിനെ പ്രശസ്തിയിലേക്ക് എത്തിച്ചത്.


