ഒളിംപ്യന്‍ ഒ പി ജെയ്ഷ പരിശീലകയാകുന്നു

By Web TeamFirst Published Dec 8, 2018, 2:38 PM IST
Highlights

കേരളത്തില്‍ത്തന്നെ പരിശീലകയാകാന്‍ താത്പര്യമുണ്ടെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുന്നതിനിടെയാണ് പുതിയ നിയോഗം. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് കോച്ചായാണ് ജെയ്ഷ ജോലിയില്‍ പ്രവേശിക്കുന്നത്

തിരുവനന്തപുരം: ഒളിംപ്യന്‍ ഒ പി ജെയ്ഷ ഇനി പരിശീലകയുടെ വേഷത്തിലേക്ക്. അടുത്തമാസം സായില്‍ പരിശീലകയായി ജോലിയില്‍ പ്രവേശിക്കും. കേരളത്തില്‍ പരിശീലകയാവണമെന്നായിരുന്നു ആഗ്രഹമെന്ന് ജെയ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കായിക പരീശീലകയാവുകയെന്നത് ഒ പി ജെയ്ഷയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലിനല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ജെയ്ഷയും ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍ത്തന്നെ പരിശീലകയാകാന്‍ താത്പര്യമുണ്ടെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുന്നതിനിടെയാണ് പുതിയ നിയോഗം. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് കോച്ചായാണ് ജെയ്ഷ ജോലിയില്‍ പ്രവേശിക്കുന്നത്.

വയനാട് സ്വദേശിയായ ജെയ്ഷ, നിരവധി ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് കാട്ടിയിട്ടുണ്ട്. റിയോ ഒളിംപിക്‌സിന് ശേഷം ട്രാക്കില്‍ ജെയ്ഷ സജീവമായിരുന്നില്ല. മുന്‍കാല പ്രകടനങ്ങളും അനുഭവങ്ങളും വച്ച് പുതിയ കായിക പ്രതിഭകളെ വാര്‍ത്തെടുക്കാമെന്നാണ് ജെയ്ഷയുടെ പ്രതീക്ഷ.

click me!