ജയിച്ചത് പാക്കിസ്ഥാന്‍; ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവര്‍ന്ന് അഫ്ഗാന്‍ വീര്യം

By Web TeamFirst Published Sep 22, 2018, 1:44 AM IST
Highlights

വിട്ട് കൊടുക്കാന്‍ തയാറാവാതെ ക്രിക്കറ്റിലെ ഏഷ്യന്‍ വമ്പന്മാര്‍ക്കെതിരെ അഫ്ഗാനിസ്ഥാന്‍ പടപൊരുതിയപ്പോള്‍ ഷോയ്ബ് മാലിക്കിന്‍റെ അനുഭവസമ്പത്താണ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ വിജയതീരത്ത് എത്തിച്ചത്

അബുദാബി: അവസാന ഓവര്‍ വരെ ആവേശം നീണ്ട് നിന്ന മത്സരത്തില്‍ അഫ്ഗാന്‍ വീര്യത്തിനെ മറികടന്ന് പാക്കിസ്ഥാന്‍. വിട്ട് കൊടുക്കാന്‍ തയാറാവാതെ ക്രിക്കറ്റിലെ ഏഷ്യന്‍ വമ്പന്മാര്‍ക്കെതിരെ അഫ്ഗാനിസ്ഥാന്‍ പടപൊരുതിയപ്പോള്‍ ഷോയ്ബ് മാലിക്കിന്‍റെ അനുഭവസമ്പത്താണ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ വിജയതീരത്ത് എത്തിച്ചത്.

അഫ്ഗാന്‍ ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ മാലിക്കിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റിന്‍റെ വിജയം പാക് സംഘം പേരിലെഴുതി. മറികടക്കാന്‍ അത്ര എളുപ്പമല്ലെന്ന് വിലയിരുത്തിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി കിട്ടി.

സംപൂജ്യനായി ഓപ്പണര്‍ ഫക്തര്‍ സമാം പുറത്തായതിന് ശേഷം ഒന്നിച്ച ഇമാം ഉള്‍ ഹഖും ബാബര്‍ അസമും അനായസമായി അഫ്ഗാന്‍ ബൗളര്‍മാരെ നേരിട്ടു. എന്നാല്‍, 80 റണ്‍സെടുത്ത ഇമാം റണ്‍ഔട്ടായി പുറത്തായതോടെ പാക് പടയുടെ പതനം തുടങ്ങി. 66 റണ്‍സുമായി ബാബറും അതിവേഗം മടങ്ങിയതോടെ ഒരറ്റത്ത് വിക്കറ്റികള്‍ ഒന്നൊന്നായി സര്‍ഫ്രാസിനും സംഘത്തിനും നഷ്ടമായി തുടങ്ങി.

കളിയുടെ ഗതി പന്തിയല്ലെന്ന് മനസിലാക്കി ഇതോടെ മാലിക്ക് വിക്കറ്റ് കളയാതെ സൂക്ഷിച്ചു. മോശം പന്തുകള്‍ മാത്രം നോക്കി പ്രഹരിച്ച മാലിക്ക് അവസാന ഓവര്‍ എറിയാനെത്തിയ അഫ്താബ് ആലമിനെ അടുത്തടുത്ത പന്തുകള്‍ സിക്സിനും ഫോറിനും പായിച്ച് വിജയം നേടിയെടുക്കുകയായിരുന്നു.

43 പന്തില്‍ 51 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്. അഫ്ഗാന് വേണ്ടി സൂപ്പര്‍ താരം റാഷിദ് ഖാന്‍ 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. നേരത്തെ, വമ്പന്മാരായ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും കടിച്ച് കീറിയതിന്‍റെ ആത്മവിശ്വാസത്തില്‍ സൂപ്പര്‍ ഫോറില്‍ പോരിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യത്തെ തിരിച്ചടികള്‍ക്ക് ശേഷമാണ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് പതിയെ കരകയറിയ അഫ്ഗാനിസ്ഥാന്‍ കരുത്തരായ പാക് ബൗളര്‍മാരെ സധെെര്യമാണ് നേരിട്ടത്. ഇന്ത്യയോട് പരാജയപ്പെട്ടതിന്‍റെ തളര്‍ച്ചയില്‍ നിന്ന് മുക്തി നേടിയത് പോലെയാണ് കളിയുടെ തുടക്കത്തില്‍ പാക്കിസ്ഥാനാണ് മേധാവിത്വം നേടിയത്.

അഫ്ഗാന്‍ സ്കോര്‍ 26ല്‍ നില്‍ക്കുമ്പോള്‍ സന്നാഹുള്ളാഹ് ജനാതിന്‍റെ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. അധികം വെെകാതെ മുഹമ്മദ് ഷഹ്സാദിനെ മുഹമ്മദ് നവാസ് സര്‍ഫ്രാസിന്‍റെ കെെകളില്‍ എത്തിച്ചു.  ഇതോടെ പരുങ്ങലിലായ അഫ്ഗാനെ പിന്നീട് ഒത്തുചേര്‍ന്ന റഹ്മത് ഷായും ഹഷ്മത്തുള്ളാഹ് ഷഹീദിയും ചേര്‍ന്നാണ് കരകയറ്റിയത്.

36 റണ്‍സെടുത്ത് റഹ്മത് പുറത്തായെങ്കിലും തുടര്‍ന്നെത്തിയ നായകന്‍ അസ്ഗാര്‍ അഫ്ഗാനും മികവിലേക്ക് ഉയര്‍ന്നതോടെ ഭേദപ്പെട്ട സ്കോറിലേക്ക് അഫ്ഗാന്‍ നീങ്ങി. ഷഹീദി 97 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അസ്ഗാര്‍ 67 റണ്‍സ് സ്വന്തമാക്കി. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി.

click me!