Latest Videos

കയ്യടി നേടി വീണ്ടും അഫ്ഗാന്‍ പോരാട്ടം; പാക്കിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോര്‍

By Web TeamFirst Published Sep 21, 2018, 9:08 PM IST
Highlights

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് പതിയെ കരകയറിയ അഫ്ഗാനിസ്ഥാന്‍ കരുത്തരായ പാക് ബൗളര്‍മാരെ സധെെര്യമാണ് നേരിട്ടത്

അബുദാബി: വമ്പന്മാരായ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും കടിച്ച് കീറിയതിന്‍റെ ആത്മവിശ്വാസത്തില്‍ പാക്കിസ്ഥാനെതിരെ പോരിനിറങ്ങിയ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് പാക് സംഘത്തിനെതിരെ കുറിച്ചത്.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് പതിയെ കരകയറിയ അഫ്ഗാനിസ്ഥാന്‍ കരുത്തരായ പാക് ബൗളര്‍മാരെ സധെെര്യമാണ് നേരിട്ടത്. ഇന്ത്യയോട് പരാജയപ്പെട്ടതിന്‍റെ തളര്‍ച്ചയില്‍ നിന്ന് മുക്തി നേടിയത് പോലെയാണ് കളിയുടെ തുടക്കത്തില്‍ പാക്കിസ്ഥാന്‍ മേധാവിത്വം നേടിയെടുത്തത്.

അഫ്ഗാന്‍ സ്കോര്‍ 26ല്‍ നില്‍ക്കുമ്പോള്‍ സന്നാഹുള്ളാഹ് ജനാതിന്‍റെ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. അധികം വെെകാതെ മുഹമ്മദ് ഷഹ്സാദിനെ മുഹമ്മദ് നവാസ് സര്‍ഫ്രാസിന്‍റെ കെെകളില്‍ എത്തിച്ചു.  ഇതോടെ പരുങ്ങലിലായ അഫ്ഗാനെ പിന്നീട് ഒത്തുചേര്‍ന്ന റഹ്മത് ഷായും ഹഷ്മത്തുള്ളാഹ് ഷഹീദിയും ചേര്‍ന്നാണ് കരകയറ്റിയത്.

36 റണ്‍സെടുത്ത് റഹ്മത് പുറത്തായെങ്കിലും തുടര്‍ന്നെത്തിയ നായകന്‍ അസ്ഗാര്‍ അഫ്ഗാനും മികവിലേക്ക് ഉയര്‍ന്നതോടെ ഭേദപ്പെട്ട സ്കോറിലേക്ക് അഫ്ഗാന്‍ നീങ്ങി. ഷഹീദി 97 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അസ്ഗാര്‍ 67 റണ്‍സ് സ്വന്തമാക്കി.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി. ഇന്ത്യയോട് പരാജയപ്പെട്ട പാക്കിസ്ഥാന് അഫ്ഗാനെതിരെ അഭിമാന പോരാട്ടമാണ്. ബാറ്റിംഗ് നിര കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതിന്‍റെ സമര്‍ദം അവരെ വലയ്ക്കുന്നുണ്ട്.

click me!