ടി20യില്‍ വെടിക്കെട്ട് ബാറ്റിംഗുമായി വീണ്ടും പൂജാര; സൗരാഷ്ട്രക്ക് തകര്‍പ്പന്‍ ജയം

By Web TeamFirst Published Feb 22, 2019, 5:24 PM IST
Highlights

ഇന്നെല പൂജാര സെഞ്ചുറി അടിച്ചിട്ടും സൗരാഷ്ട്ര തോറ്റെങ്കില്‍ മധ്യപ്രദേശിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പൂജാര ഇന്ന് ടീമിന് സമ്മാനിച്ചത്.

ഇന്‍ഡോര്‍: ടി20 ക്രിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയുടെ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഇന്നലെ റെയില്‍വേസിനെതിരെ 61 പന്തില്‍ സെഞ്ചുറി അടിച്ച പൂജാര ഇന്ന് മധ്യപ്രദേശിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ 46 പന്തില്‍ 68 റണ്‍സടിച്ച് ഒരിക്കല്‍ കൂടി സൗരാഷ്ട്രയുടെ ടോപ് സ്കോററായി.

ഇന്നെല പൂജാര സെഞ്ചുറി അടിച്ചിട്ടും സൗരാഷ്ട്ര തോറ്റെങ്കില്‍ മധ്യപ്രദേശിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പൂജാര ഇന്ന് ടീമിന് സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 20 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 16.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ സൗരാഷ്ട്ര ലക്ഷ്യത്തിലെത്തി. പൂജാരക്കൊപ്പം 36 പന്തില്‍ 56 റണ്‍സെടുത്ത ഹര്‍വിക് ദേശായിയും സൗരാഷ്ട്രക്കായി ബാറ്റിംഗില്‍ തിളങ്ങി.

ഇരുവരും പുറത്തായശേഷം റോബിന്‍ ഉത്തപ്പയുടെയും(4), ഷെല്‍ഡണ്‍ ജാക്സന്റെയും(4) വിക്കറ്റുകള്‍ സൗരാഷ്ട്രക്ക് പെട്ടെന്ന് നഷ്ടമായെങ്കിലും അര്‍പിത് വാസവദ(4 നോട്ടൗട്ട്), പെരാക് മങ്കാദ്(3 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചു. 11 ബൗണ്ടറികള്‍ അടങ്ങുന്നതാണ് പൂജാരയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചെങ്കിലും ഐപിഎല്‍ താരലേലത്തില്‍ പൂജാരയെ ഒരു ടീമും ലേലത്തിലെടുത്തിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ടതിന്റെ റെക്കോര്‍ഡും പൂജാര സ്വന്തമാക്കിയിരുന്നു.

click me!