
ടോക്കിയോ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ താരം പി വി സിന്ധു. കടുത്ത യാത്രാ-മത്സര സമയക്രമങ്ങളും മത്സരത്തിനിടയിലെ വീഡിയോ റിവ്യൂ സംവിധാനത്തിന്റെ അഭാവവുമാണ് തന്റെ തോല്‍വിക്ക് കാര്യമെന്ന് സിന്ധു വ്യക്തമാക്കി. ചൈനയുടെ ലോക നാലാം നമ്പര്‍ താരം ചെന്‍ യുഫെയോട് 21-11, 18-21, 10-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്.
മത്സരത്തില്‍ ആദ്യ ഗെയിം എളുപ്പത്തില്‍ സ്വന്തമാക്കിയ സിന്ധു, രണ്ടാം ഗെയിമില്‍ 18-18 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോഴാണ് കൈവിട്ടുപോയത്. ആ നിര്‍ണായക നിമിഷങ്ങള്‍ തന്നെ ഇപ്പഴും അലട്ടുന്നുണ്ടെന്ന് സിന്ധു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടന്ന നാലാം കോര്‍ട്ടില്‍ വീഡിയോ റിഫറല്‍ സംവിധാനം ലഭ്യമായിരുന്നില്ല. ഒന്നാമത്തെയും രണ്ടാമത്തെയും കോര്‍ട്ടുകളില്‍ മാത്രമാണ് വീഡിയോ റിവ്യൂ ഉണ്ടായിരുന്നത്. നിര്‍ണായക ഘട്ടങ്ങളിലെ തെറ്റായ ലൈന്‍ കോളുകള്‍ തനിക്ക് തിരിച്ചടിയായെന്നും അത് മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിയേക്കാമായിരുന്നുവെന്നും സിന്ധു ചൂണ്ടിക്കാട്ടി.
കുറഞ്ഞ സമയത്തിനുള്ളില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടി വന്നത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും സിന്ധു പറഞ്ഞു. 24 മണിക്കൂറിനിടെ മൂന്ന് സിംഗിള്‍സ് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ 1:30ന് അവസാനിച്ച മൂന്നാം റൗണ്ട് മത്സരത്തിന് ശേഷം, 12 മണിക്കൂറിനുള്ളില്‍ തന്നെ ചെന്നിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങേണ്ടി വന്നു. '18 മണിക്കൂറിനുള്ളില്‍ മൂന്ന് മത്സരങ്ങള്‍. പുലര്‍ച്ചെ 3 മണിക്ക് മടക്കവും, രാവിലെ 8:30-ന് വീണ്ടും മത്സരവും. ഇത് ശരീരത്തെ തളര്‍ത്തി.' സിന്ധു കുറിച്ചു. സിന്ധുവിനെ കൂടാതെ മറ്റ് ചില താരങ്ങളും ഇത്തരത്തിലുള്ള സമയക്രമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
തന്റെ നാലാമത്തെ ഏഷ്യന്‍ ഗെയിംസ് പങ്കാളിത്തമാണിതെന്നും, രാജ്യത്തിനായി കഴിഞ്ഞ 12 വര്‍ഷമായി നല്‍കിയ കഠിനാധ്വാനത്തില്‍ അഭിമാനമുണ്ടെന്നും സിന്ധു പറഞ്ഞു. ഈ ഒറ്റ തോല്‍വികൊണ്ട് തന്റെ കരിയര്‍ അവസാനിക്കുന്നില്ലെന്നും, പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും താരം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!