
ഹൈദരാബാദ്: ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധു ഇനി ഒളിംപ്യന്‍ സിന്ധു മാത്രമല്ല, ഡെപ്യൂട്ടി കലക്ടര്‍ കൂടിയാണ്.സിന്ധുവിനെ ഡെപ്യൂട്ടി കലക്ടറാക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി. ജിഎസ്‌ടി ബില്‍ പാസാക്കാനായി ചേര്‍ന്ന നിയമസഭാ സമ്മേളനമാണ് സിന്ധുവിനെ ഗ്രൂപ്പ് വണ്‍ ഓഫീസറാക്കാനുള്ള ബില്‍ പാസാക്കിയത്.
സംസ്ഥാന ധനമന്ത്രി യാനമാല രാമകൃഷ്ണുഡു അവതരിപ്പിച്ച ബില്‍ ഏകകണ്‌ഠേനയാണ് നിയമസഭ പാസാക്കിയത്. ബില്‍ പിന്നീട് നിയമസഭാ കൗണ്‍സിലും പാസാക്കി. സിന്ധുവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മികവ് തെളിയിച്ച മറ്റ് കായികതാരങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയില്‍ പറഞ്ഞു.
നിലവില്‍ ഭാരത് പെട്രോളിയത്തിന്റെ ഹൈദരാബാദ് ഓഫീസില്‍ ഡെപ്യൂട്ടി മാനേജരായി പ്രവര്‍ത്തിക്കുന്ന സിന്ധുവിന് റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെ മൂന്ന് കോടി രൂപയും സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനം ഉയര്‍ന്നുവരുന്ന അമരാവതിയില്‍ വീട്‌വയ്ക്കാന്‍ സ്ഥലവും സമ്മാനിച്ചിരുന്നു. സിന്ധുവിന് താത്പര്യമുള്ള വകുപ്പില്‍ ഗസറ്റഡ് റാങ്കിലുള്ള ഗ്രൂപ്പ്-1 ഉദ്യോഗസ്ഥായായി നിയമിക്കുമെന്ന് മുഖ്യമന്ത്രി അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണിപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ജോലി സ്വീകരിക്കുമെന്ന് സിന്ധുവിന്റ അമ്മ വിജയ പറഞ്ഞു. സിന്ധുവിന് തെലങ്കാന സര്‍ക്കാരും സമാനാമായ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ആന്ധ്ര സര്‍ക്കാരിന്റെ ഓഫര്‍ സ്വീകരിക്കാനാണ് അവര്‍ താല്‍പര്യപ്പെട്ടത്. റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയശേഷം തെലങ്കാന സര്‍ക്കാര്‍ സിന്ധുവിന് 5 കോടി രൂപ പാരിതോഷികം നല്‍കിയിരുന്നു.
1994ലെ റെഗ്യുലേഷന്‍ ഓഫ് അപ്പോയിന്റ്‌മെന്റ്‌സ് ടു പബ്ലിക് സര്‍വീസസ് ആന്‍ഡ് റേഷണലൈസേഷന്‍ ഓഫ് സ്റ്റാഫ് പാറ്റേണ്‍ ആന്‍ഡ് പെ സ്ട്രക്ചര്‍ ആക്ട് അനുസരിച്ച് പി. എസ്.സി. മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ മാത്രമേ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കാനാവൂ. ഈ നിയമത്തിലെ സെക്ഷന്‍ നാലാണ് സിന്ധുവിനുവേണ്ടി സര്‍ക്കാര്‍ ബില്‍ വഴി ഭേദഗതി ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!