റാഞ്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്ക് വീരോചിത സമനില

By Web DeskFirst Published Mar 20, 2017, 5:47 AM IST
Highlights

ഒരു ഘട്ടത്തില്‍ ഇന്നിംഗ്സ് തോല്‍വി മുഖാമുഖം കണ്ട ഓസ്‌ട്രേലിയ ഇന്ത്യയ്ക്കെതിരെ പൊരുതി സമനില നേടി. ഒരവസരത്തില്‍ നാലിന് 63 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ തോല്‍വി ഉറപ്പിച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പീറ്റര്‍ ഹാന്‍ഡ്സ്‌കോംബും(പുറത്താകാതെ 72) ഷോണ്‍ മാര്‍ഷും(53) ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ ഫലപ്രദമായി പ്രതിരോധിച്ചു. ഷോണ്‍ മാര്‍ഷ് ഇടയ്‌ക്ക് പുറത്തായെങ്കിലും ഹാന്‍ഡ്സ്‌കോംബ് അചഞ്ചലനായി നിലകൊണ്ടതോടെ ഓസ്‌ട്രേലിയ വിജയത്തിന് തുല്യമായ സമനില നേടുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തു. മല്‍സരത്തില്‍ ഒമ്പത് വിക്കറ്റാണ് ജഡേജ സ്വന്തം പേരിലാക്കിയത്. നേരത്തെ ഇന്ത്യയ്ക്കുവേണ്ടി ഇരട്ട സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയാണ് കളിയിലെ താരം.

സ്‌കോര്‍- ഓസ്‌ട്രേലിയ- 451 & ആറിന് 204, ഇന്ത്യ- ഒമ്പതിന് 603 ഡിക്ലയേര്‍ഡ്

രണ്ടിന് 23 എന്ന നിലയില്‍ അഞ്ചാം ദിവസം കളി തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക് ലഞ്ചിന് മുമ്പ് നായകന്‍ സ്‌മിത്തിന്റെ ഉള്‍പ്പടെ രണ്ടു വിക്കറ്റ് കൂടി നഷ്‌ടപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഹാന്‍ഡ്സ്‌കോംബും മാര്‍ഷും ചേര്‍ന്ന് മല്‍സരം ഇന്ത്യയുടെ കൈയില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു. ബൗളര്‍മാരെ മാറ്റിമാറ്റി പരീക്ഷിച്ചെങ്കിലും ഓസീസ് ബാറ്റ്‌സ്‌മാന്‍മാരെ വീഴ്‌ത്താന്‍ സാധിച്ചില്ല. മല്‍സരം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെയാണ് രണ്ടു വിക്കറ്റ് വീണത്. ഈ സമയത്ത് വിരാട് കോലി മുന്നോട്ടുവെച്ച സമനില നിര്‍ദ്ദേശം ഓസീസ് നായകന്‍ സ്‌മിത്ത് അംഗീകരിക്കുകയായിരുന്നു.

ഇതോടെ നാലു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍  ഇരു ടീമുകളും ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ച് 1-1 എന്ന നിലയിലാണ്. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ജയിച്ച് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.

പരമ്പരയിലെ ഫൈനലിന് തുല്യമായ നാലാമത്തെ മല്‍സരം മാര്‍ച്ച് 25 മുതല്‍ 29 വരെ ധര്‍മ്മശാലയില്‍ നടക്കും.

click me!