മാർച്ച് 28 ശനിയാഴ്ച നടക്കുന്ന ഐപിഎൽ 19-ാം പതിപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേരിടുക.

ബെംഗളൂരു: ക്രിക്കറ്റ് പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. 2026 ഐപിഎൽ സീസണിലെ ആവേശപ്പോരാട്ടങ്ങൾക്ക് ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം വേദിയാകും. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിന് കർണാടക സർക്കാർ ഔദ്യോഗികമായി അനുമതി നൽകിയത്.

മാർച്ച് 28 ശനിയാഴ്ച നടക്കുന്ന ഐപിഎൽ 19-ാം പതിപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേരിടുക. കഴിഞ്ഞ വർഷം ആർസിബിയുടെ വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതിനെത്തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിന് ബിസിസിഐ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മാർച്ച് 13-ന് സ്റ്റേഡിയത്തിൽ വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി ചുമതലയേറ്റ മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടുവരുമെന്ന് നേരത്തെ വാഗ്ദാനം നൽകിയിരുന്നു.

ഈ സീസണിൽ ആർസിബിയുടെ ഹോം മത്സരങ്ങളിൽ അഞ്ചെണ്ണം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ശേഷിക്കുന്ന രണ്ട് ഹോം മത്സരങ്ങൾ റായ്പൂരിലാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ഐപിഎല്ലിലെ ഒരു പ്ലേ ഓഫ് മത്സരത്തിനും കലാശപ്പോരാട്ടത്തിനും ചിന്നസ്വാമി സ്റ്റേഡിയം വേദിയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ക്രമീകരണങ്ങളിൽ വൻ മാറ്റങ്ങളാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക