റാഞ്ചിയിലും നിലയുറപ്പിച്ച് ഓസീസ്; ഇന്ത്യ വിയര്‍ക്കുന്നു

By Web DeskFirst Published Mar 16, 2017, 11:23 AM IST
Highlights

റാഞ്ചി: ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെയും ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്ട്രേലിയ ശക്തമായ നിലയില്‍. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെന്ന നിലയിലാണ്. 117 റണ്‍സുമായി സ്മിത്തും 82 റണ്‍സോടെ മാക്സ്‌വെല്ലും ക്രീസില്‍. 140/4 എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ഓസീസിനെ 159 റണ്‍സിന്റെ അ‍ഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ മാക്സ്‌വെല്ലും സ്മിത്തും സുരക്ഷിത സ്കോറിലേക്ക് നയിക്കുകയായിരുന്നു.

റാഞ്ചിയിലും ടോസ് ഓസീസിനൊപ്പമായിരുന്നു. ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ സ്മിത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നതുമില്ല. പിച്ചിനെക്കുറിച്ചുള്ള ആശങ്കകളെല്ലാം അസ്ഥാനത്താക്കി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മാറ്റ് റെന്‍ഷായും ചേര്‍ന്ന് ഓസീസിന് നല്‍കിയത് മികച്ച തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. ജഡേജയുടെ ഫുള്‍ടോസില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയ വാര്‍ണര്‍ക്ക് പിന്നാലെ റെന്‍ഷായെ(44) ഉമേഷ് യാദവ് കോലിയുടെ കൈകളിലെത്തിച്ചു.

അധികം വൈകാതെ ഷോണ്‍ മാര്‍ഷിനെ(2) പൂജാരയുടെ കൈകകളിലെത്തിച്ച് അശ്വിന്‍ ഇന്ത്യ ആഗ്രഹിച്ച തുടക്കം നല്‍കി. എന്നാല്‍ ഇന്ത്യന്‍ മേധാവിത്വം അവിടെ തീര്‍ന്നു. ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്ന സ്മിത്ത് ഹാന്‍ഡ്സ്കോമ്പിനെ കൂട്ടുപിടിച്ച് ഓസീസിനെ 140ല്‍ എത്തിച്ചു. ഇതിനിടെയ ക്യാപ്റ്റന്‍ വിരാട് കോലി ഫീല്‍ഡിംഗിനെ തോളിന് പരിക്കേറ്റ് കളംവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.

കോലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. ഉമേഷ് യാദവ് ഹാന്‍ഡ്സ്കോമ്പിനെ(19) മടക്കി ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും മാക്സ്‌വെല്ലും സ്മിത്തും ചേര്‍ന്ന് പഴുതുകളില്ലാതെ മുന്നേറിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വെറും കാഴ്ചക്കാരായി. സ്മിത്തിനെ പുറത്താക്കാന്‍ ഇതുവരെയും വഴികളൊന്നുമില്ലാത്ത ഇന്ത്യയ്ക്ക് അവസാന സെഷനില്‍ ഒറ്റ വിക്കറ്റും വീഴ്‌ത്താനായില്ല.

ഇടയ്ക്ക് മാക്സ്‌വെല്ലിന്റെ ഗ്ലൗസില്‍ തട്ടിയുയര്‍ന്ന പന്ത് രഹാനെ കൈപ്പിടിയിലൊതുക്കിയെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ഇന്ത്യയാകട്ടെ റിവ്യു പോയതുമില്ല. രണ്ടാം ദിനം ഇരുവരെയും ആദ്യ സെഷനില്‍ പുറത്താക്കാനായില്ലെങ്കില്‍ ഈ ടെസ്റ്റില്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാവും. കോലിയുടെ പരിക്കും ഇന്ത്യക്ക് തലവേദനയാണ്. രണ്ടാം ടെസ്റ്റ് കളിച്ച ടിമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മുകുന്ദിന് പകരം വിജയ് ടീമിലെത്തി. ഓസീസ് മിച്ചല്‍ മാര്‍ഷിന് പകരം ഗ്ലെന്‍ മാക്സ്‌വെല്ലിനും സ്റ്റാര്‍ക്കിന് പകരം കമിന്‍സിനും അവസരം നല്‍കി.

click me!