
നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത നിലവിലെ ജേതാക്കള്‍ സൗരാഷ്ട്രയുടെ പേസാക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഒന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിദര്‍ഭ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 എന്ന നിലയിലാണ്.
കന്നിക്കിരീടം ലക്ഷ്യമിടുന്ന സൗരാഷ്ട്രയ്ക്കു വേണ്ടി നായകന്‍ ജയദേവ് ഉനാദ്ഘട്ട് അടക്കമുള്ള ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഉനാദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മങ്കദ്, ഡി എ ജഡേജ, മക്വാന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഓപ്പണര്‍ രാമസ്വാമിയെയും വസീം ജാഫറിനെയുമാണ് ഉനാദ്ഘട്ട് പുറത്താക്കിയത്. 13 ഓവറില്‍ 20 റണ്‍സ് വഴങ്ങിയാണ് ഉനാദ്ഘട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. രാമസ്വാമി രണ്ടും ഫസല്‍ 16 ഉം വസീം ജാഫര്‍ 23 റണ്‍സും വീതം നേടിയാണ് പുറത്തായത്. കലെ 35 ഉം ഗണേഷ് സതീഷ് 32 ഉം റണ്‍സ് നേടിയെങ്കിലും തുടക്കം മുതലാക്കാനായില്ല. 28 റണ്‍സോടെ ക്രീസിലുള്ള എ വി വഡേക്കറിലാണ് വിദര്‍ഭയുടെ പ്രതീക്ഷ. വാലറ്റത്ത് മികച്ച പ്രകടനമുണ്ടായില്ലെങ്കില്‍ ഭേദപ്പെട്ട നിലയിലെത്താന്‍ അതിഥേയര്‍ക്ക് സാധിക്കില്ല.
വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരില്‍ 5 ദിവസം കലാശപോരാട്ടം നീണ്ടുനില്‍ക്കും. നേരത്തെ ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. കന്നി കിരീടം തേടിയിറങ്ങുമ്പോള്‍ സൗരാഷ്ട്രയ്ക്ക് പ്രതീക്ഷ നല്‍കുന്നതും മറ്റൊന്നല്ല.
ജയദേവ് ഉനാദ്കട്ട് നയിക്കുന്ന സൗരാഷ്ട്രയുടെ ബാറ്റിംഗ് കരുത്ത് ചേതേശ്വര്‍ പൂജാരയും ഷെൽഡൺ ജാക്സണുമാണ്. ഫായിസ് ഫസല്‍ നായകനായ വിദര്‍ഭയാകട്ടെ കേരളത്തെ തകര്‍ത്ത ഉമേഷ് യാദവിന്‍റെ പന്തുകളിലാണ് പ്രതീക്ഷ വയ്ക്കുന്നത്. 2013 ലും 2016 ലും സൗരാഷ്ട്ര ഫൈനലില്‍ പരാജയപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!