
കൊല്‍ക്കത്ത: ബാറ്റിംഗ് പ്രതീക്ഷയായ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും രഞ്ജി ട്രോഫിയില്‍ പശ്ചിമ ബംഗാളിനെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ജലജ് സക്സേനയുടെ സെഞ്ചുറിയുടെ കരുത്തില്‍ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 147 റണ്‍സിന് മറുപടിയായി കേരളം ഒന്നാം ഇന്നിംഗ്സില്‍ 291 റണ്‍സെടുത്തു. 144 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് റണ്‍സെടുക്കുന്നതിനിടെ ബംഗാളിന്റെ ഒരു വിക്കറ്റ് പിഴുത് വിജയത്തിലേക്ക് പന്തെറിയാന്‍ തുടങ്ങി. സ്കോര്‍ ബംഗാള്‍: 147, 5/1, കേരളം 291.
ജലജ് സക്സേനയുടെ സെഞ്ചുറി മികവിലാണ് രണ്ടാം ദിനം കേരളം ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 147 റണ്‍സ് മറികടന്നത്. രണ്ടാം ദിനം 35/1 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് സ്കോര്‍ 53ല്‍ എത്തിയപ്പോള്‍ രോഹന്‍ പ്രേമിനെ(18) നഷ്ടമായി. തൊട്ടുപിന്നാലെ എട്ടു പന്തുകള്‍ നേരിട്ട് പൂജ്യനായി സഞ്ജുവും മടങ്ങി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് സക്സേന കേരളത്തെ 100 കടത്തി. എന്നാല്‍ സച്ചിന്‍ ബേബിയെ(23) മടക്കി ബംഗാളിന്റെ മുഹമ്മദ് ഷമി കേരളത്തെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.
അഞ്ച് റണ്‍സെടുത്ത സല്‍മാന്‍ നിസാറും വീണതോടെ കേരളം 114/5 ലേക്ക് കൂപ്പുകുത്തിയെങ്കിലും സക്സേനയുടെ പോരാട്ടവീര്യം കേരളത്തിന് ലീഡ് സമ്മാനിച്ചു. 190 പന്തില്‍ 143 റണ്‍സെടുത്ത സക്സേന ഏഴാമനായാണ് പുറത്തായത്. വി എ ജദഗീഷും(39), അക്ഷയ് ചന്ദ്രനും(32) നടത്തിയ പോരാട്ടം കേരളത്തിന് മികച്ച ലീഡ് സമ്മാനിച്ചു.
ഒരു ഇന്നിംഗ്സില്‍ 15 ഓവര്‍ മാത്രമെ എറിയാവൂ എന്ന് ബിസിസിഐ നിര്‍ദേശിച്ച ഇന്ത്യന്‍ താരം മുഹമ്മദ് ഷമി 55 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഇഷാന്‍ പോരല്‍ 69 റണ്‍സിന് നാലു വിക്കറ്റെടുത്തു. അശോക് ദിന്‍ഡക്കാണ് രണ്ടു വിക്കറ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!