സഞ്ജുവിന്‍റെ കളിമുറ്റത്ത് വിജയ വഴിയിൽ തിരിച്ചെത്താനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യ ജയിച്ചു കയറുന്നതിനൊപ്പം ആരാധകര്‍ എല്ലാവരും ഉറ്റുനോക്കുന്നത് മലയാളി താരത്തിന്‍റെ ബാറ്റിലേക്കാണ്.

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് കളി തുടങ്ങുക. മൂന്ന് മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

സഞ്ജുവിന്‍റെ കളിമുറ്റത്ത് വിജയ വഴിയിൽ തിരിച്ചെത്താനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യ ജയിച്ചു കയറുന്നതിനൊപ്പം ആരാധകര്‍ എല്ലാവരും ഉറ്റുനോക്കുന്നത് മലയാളി താരത്തിന്‍റെ ബാറ്റിലേക്കാണ്. ഇന്നും റണ്ണടിച്ചില്ലെങ്കിൽ ദിവസങ്ങൾക്കപ്പുറം തുടങ്ങുന്ന ലോകകപ്പിൽ സഞ്ജുവിന്‍റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം തുലാസിലാവും. ഇതേറ്റവും നന്നായി അറിയുന്ന സഞ്ജു സ്വന്തം തട്ടകത്തിൽ സമ്മ‍ർദങ്ങളേയും വിമർശനങ്ങളേയും അടിച്ചുപറത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പരിക്കിൽ നിന്ന് മുക്തരായ ഇഷാൻ കിഷനും അക്സർ പട്ടേലും ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകിയാൽ ഇഷാൻ കിഷൻ സഞ്ജുവിനൊപ്പം ഓപ്പൺ ചെയ്യാൻ ഇറങ്ങും. ബാറ്റിംഗ് കരുത്ത് പരീക്ഷിക്കാൻ ടോസ് നേടിയാൽ ഇന്ത്യ റൺസ് പിന്തുടാരാനാണ് സാധ്യത. പരമ്പര നേടിക്കഴിഞ്ഞതിനാൽ ബൗളിംഗ് നിരയിൽ പരീക്ഷണം നടത്തിയേക്കും.

വിശാഖപട്ടണത്തെ ജയം തുടരാൻ ശേഷിയുള്ളവരാണ് ന്യൂസിലൻഡ്. ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ, ടിം സൈഫർട്ട്, ഡെവോൺ കോൺവേ, ഡാരിൽ മിച്ചൽ എന്നിവരുടെ പ്രകടനമാവും കിവീസ് നിരയിൽ നിർണായകമാവുക. കാര്യവട്ടത്ത് നടന്ന നാല് ടി20 മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യക്കായിരുന്നു ജയം.

ലോകകപ്പ് ടീമിൽ ഇടംപിടിച്ച സഞ്ജു കാര്യവട്ടത്ത് ആദ്യമായി കളിക്കാൻ ഇറങ്ങുന്നതിനാൽ ഗാലറികൾ നിറഞ്ഞ് തുളുമ്പുമെന്നുറപ്പ്. സഞ്ജു കഴിഞ്ഞ മത്സരങ്ങളിൽ റൺസ് നേടാത്തതിൽ ആശങ്കയില്ലെന്നും സമ്മർദങ്ങളെ അതിജീവിക്കാൻ മലയാളിതാരത്തിന് അറിയാമെന്നും ബാറ്റിംഗ് കോച്ച് സിതാംശു കോട്ടക്ക് വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക