
തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാൻ വിജയം അനിവാര്യമായ മത്സരത്തില്‍ കരുത്തരായ സൗരാഷ്ട്രയെ 309 റണ്‍സിന് കീഴടക്കി കേരളത്തിന് തകര്‍പ്പന്‍ ജയം. വിജയലക്ഷ്യമായ 405 റണ്‍സ് പിന്തുടര്‍ന്ന് നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര 95 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റ് വീഴ്‌ത്തിയ ജലജ് സക്സേന, മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ സിജോമോന്‍ ജോസഫ്, അക്ഷയ് കെ.സി എന്നിവരാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. സ്കോര്‍ കേരളം 225.411/6 ഡിക്ലയേര്‍ഡ്, സൗരാഷ്ട്ര 232, 95.
ജയത്തോടെ ബി ഗ്രൂപ്പില്‍ 24 പോയന്റുള്ള കേരളം നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി. 23 പോയന്റുള്ള സൗരാഷ്ട്ര രണ്ടാമതും 20 പോയന്റുമായി ഗുജറാത്ത് മൂന്നാമതുമാണ്. ഹരിയാനയ്ക്കെതിരെ ഒരു എവേ മത്സരം കൂടി കേരളത്തിന് ബാക്കിയിട്ടുണ്ട്. ഗുജറാത്തിന്റെയും സൗരാഷ്ട്രയുടെയും അവസനാ മത്സരങ്ങള്‍ കൂടി കഴിഞ്ഞാലെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാനാവു.
നാലാം ദിനം സൗരാഷ്ട്രയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്ക്ക് 12 റൺസ് മാത്രമെടുത്ത് പുറത്തായതോടെ കേരളം ജയം ഉറപ്പിച്ചിരുന്നു. 24 റണ്‍സെടുത്ത ഷെല്‍ഡന്‍ ജാക്സണാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. സ്നെല്‍ പട്ടേല്‍(20), ജയദേവ് ഷാ(13), ജെ എം ചൗഹാന്‍(14) എന്നിവരാണ് സൗരാഷ്ട്ര നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്സ്മാന്‍മാര്‍.
നേരത്തെ തുടർച്ചയായ മൂന്നാം മൽസരത്തിലും സെഞ്ചുറി നേടിയ സഞ്ജു സാംസന്റെ (175) ബാറ്റിങ് കരുത്തിലാണ് 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം കേരളമുയർത്തിയത്. ഇരട്ട സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന സഞ്ജു അതിവേഗം സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സ്പിന്നർ ഡി.എ.ജഡേജയുടെ പന്തിലാണു പുറത്തായത്.കെ.ബി.അരുൺ കാർത്തിക്കും (81) സൽമാൻ നിസാറും (21 പന്തിൽ 34) മികച്ച സ്കോർ കണ്ടെത്തിയതോടെ കേരളം ആറു വിക്കറ്റിന് 411 എന്ന സ്കോറിൽ ഇന്നിങ്സ് അവസാനിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!