- Home
- Sports
- Cricket
- ശുഭ്മാന്‍ ഗില്ലിനെതിരെ നേര്‍ക്കുനേര്‍ പോരിന് കെ എൽ രാഹുൽ, രഞ്ജി ട്രോഫിയില്‍ പഞ്ചാബ്-കര്‍ണാടക പോരാട്ടം പൊടിപാറും
ശുഭ്മാന്‍ ഗില്ലിനെതിരെ നേര്‍ക്കുനേര്‍ പോരിന് കെ എൽ രാഹുൽ, രഞ്ജി ട്രോഫിയില്‍ പഞ്ചാബ്-കര്‍ണാടക പോരാട്ടം പൊടിപാറും
രഞ്ജി ട്രോഫിയിലെ നിർണായക മത്സരത്തിൽ കർണാടക ടീമിനെ ഇനി മലയാളി താരം ദേവ്ദത്ത് പടിക്കൽ നയിക്കും. മോശം ഫോമിനെ തുടർന്ന് മായങ്ക് അഗർവാളിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി. കെ.എൽ രാഹുലും പ്രസിദ്ധ് കൃഷ്ണയും ടീമിൽ തിരിച്ചെത്തി.

മായങ്ക് പുറത്ത്, പടിക്കൽ നായകൻ
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഈ മാസം 29ന് പഞ്ചാബിനെതിരെ നടക്കുന്ന നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിനുള്ള കർണാടക ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിനെത്തുടർന്ന് മായങ്ക് അഗർവാളിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം മലയാളി യുവതാരം ദേവ്ദത്ത് പടിക്കലിനെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
പടിക്കലിന്‍റെ നായക അരങ്ങേറ്റം
വിജയ് ഹസാരെ ട്രോഫിയിൽ 90-ന് മുകളിൽ ശരാശരിയിൽ 725 റൺസ് അടിച്ചുകൂട്ടിയ തകർപ്പൻ ഫോമാണ് മലയാളി താരം ദേവ്ദത്ത് പടിക്കലിന് നായകസ്ഥാനം നേടിക്കൊടുത്തത്. ഈ സീസണിൽ ഇതുവരെ 33.11 ശരാശരിയിൽ മാത്രം റൺസ് കണ്ടെത്തിയ മായങ്ക് അഗർവാൾ ഓപ്പണഫായി ടീമിൽ തുടരും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുമ്പ് കർണാടകയെ നയിച്ചിട്ടുണ്ടെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ പടിക്കലിന്‍റെ ആദ്യ നായക പരീക്ഷണമാണിത്.
രാഹുലും പ്രസിദ്ധും വരുന്നു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന കെ.എൽ രാഹുലും പേസർ പ്രസിദ്ധ് കൃഷ്ണയും ടീമിൽ തിരിച്ചെത്തിയത് ആരാധകർക്ക് ആവേശം പകരും.
കരുണ്‍ പുറത്ത്
എന്നാൽ മധ്യപ്രദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ മലയാളി താരം താരം കരുൺ നായർക്ക് പഞ്ചാബിനെതിരായ മത്സരം നഷ്ടമാകും. കരുണിന് പകരം നിഖിൻ ജോസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോശം ഫോമിലുള്ള അഭിനവ് മനോഹറിനെ ടീമിൽ നിന്ന് ഒഴിവാക്കി.
കർണാടകയ്ക്ക് ജീവന്മരണ പോരാട്ടം
ഗ്രൂപ്പ് ബി പോയന്‍റ് പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് കർണാടക. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. നോക്കൗട്ട് സാധ്യതകൾ സജീവമാക്കാൻ ജനുവരി 29-ന് മൊഹാലിയിൽ ആരംഭിക്കുന്ന പഞ്ചാബിനെതിരായ മത്സരത്തിൽ വിജയം അനിവാര്യമാണ്.
പഞ്ചാബിനെ നയിക്കുന്നത് ശുഭ്മാന്‍ ഗില്‍
കഴിഞ്ഞ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ രണ്ട് ദിനം കൊണ്ട് തോറ്റതോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നഷ്ടമായ പഞ്ചാബിനെ നയിക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ്. സൗരാഷ്ട്രക്കെതിരെ ആദ്യ ഇന്നിംസില്‍ നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് മടങ്ങിയ ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ 32 പന്തില്‍ 14ഉം റണ്‍സെടുത്ത് പുറത്തായിരുന്നു.
രഞ്ജി ട്രോഫിക്കുള്ള കർണാടക ടീം
മായങ്ക് അഗർവാൾ, കെ.എൽ രാഹുൽ, അനീഷ് കെ.വി, ദേവ്ദത്ത് പടിക്കൽ (ക്യാപ്റ്റൻ), സ്മരൺ ആർ, ശ്രേയസ് ഗോപാൽ, കൃതിക് കൃഷ്ണ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് എം, വിദ്യാധർ പാട്ടീൽ, വിധ്വത് കവേരപ്പ, പ്രസിദ്ധ് കൃഷ്ണ, മോഹ്സിൻ ഖാൻ, ശിഖർ ഷെട്ടി, ശ്രീജിത്ത് കെ.എൽ (വിക്കറ്റ് കീപ്പർ), ധ്രുവ് പ്രഭാകർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

