ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാഹചര്യങ്ങൾ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്‌വി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇസ്ലാമാബാദ്: അടുത്തമാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാന്‍ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്.
ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാഹചര്യങ്ങൾ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്‌വി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വരുന്ന വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്ഥാൻ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ ഉത്തരവിറക്കും. ടൂർണമെന്‍റിൽ പങ്കെടുക്കുന്നതും ഇന്ത്യയുമായുള്ള മത്സരം കളിക്കുന്നതും പൂർണ്ണമായും സർക്കാരിന്‍റെ അനുമതിക്ക് വിധേയമായിരിക്കുമെന്ന് നഖ്‌വി വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്.
അതേസമയം, പിസിബിയുടെ നിലപാടിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയാൽ കടുത്ത ശിക്ഷാനടപടികളാണ് ഐസിസി ആലോചിക്കുന്നത്. മറ്റ് രാജ്യങ്ങളുമായുള്ള പാകിസ്ഥാന്‍റെ ഉഭയകക്ഷി പരമ്പരകൾ വിലക്കാനും, വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്‍റുകളിൽ നിന്ന് പാകിസ്ഥാനെ ഒഴിവാക്കാനും പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്ന വിദേശ താരങ്ങൾക്ക് എൻഒസി നൽകരുതെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെടാനും ഐസിസിക്ക് കഴിയും. ഇത് പാക് ക്രിക്കറ്റിനെ ലോക ക്രിക്കറ്റില്‍ നിന്നു തന്നെ ഒറ്റപ്പെടുത്തും. ഇത്തരം നടപടികൾ പാക് ക്രിക്കറ്റിന്‍റെ സംപ്രേക്ഷണ വരുമാനത്തെയും സ്പോൺസർഷിപ്പിനെയും സാരമായി ബാധിക്കും.
ഇന്നലെയാണ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. സൽമാൻ അലി ആഗയാണ് ടീമിന്‍റെ നായകന്‍.ബാബർ അസം, ഷഹീൻ അഫ്രീദി തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് നീക്കി സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.


