പരിശീലകനാവാനുള്ള മത്സരത്തില്‍ സെവാഗിനെ വെട്ടിയത് കോലിയും ടീമും

By Web DeskFirst Published Jul 12, 2017, 1:59 PM IST
Highlights

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രിയെ നിയമിക്കുന്നതില്‍ നിര്‍ണായകമായത് കോലിയുടെയും ടീം അംഗങ്ങളുടെയും നിലപാടെന്ന് റിപ്പോര്‍ട്ട്. പരിശീലകനായി മൂന്ന് പേരുകളാണ് സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങിയ ഉപദേശക സമിതി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നത്. ശാസ്ത്രിക്ക് പുറമെ ടോം മൂഡി, വീരേന്ദര്‍ സെവാഗ് എന്നിവരായിരുന്നു ഇത്. അഭിമുഖത്തില്‍ മികച്ച അവതരണം നടത്തിയത് ശാസ്ത്രിയും ടോം മൂഡിയുമായിരുന്നു.

എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ തന്നെ കോച്ചാവുന്നതാണ് കളിക്കാര്‍ക്ക് ഇടപഴകാനും കാര്യങ്ങള്‍ അവതരിപ്പിക്കാനുമെല്ലാം നല്ലതെന്ന ഉപദേശക സമിതി നിലപാടിനെത്തുടര്‍ന്ന് ടോം മൂഡി അവസാന പട്ടികയില്‍ നിന്ന് പുറത്തായി. ശാസ്ത്രിയും സെവാഗും മാത്രം അടങ്ങുന്ന ലിസ്റ്റില്‍ ശാസ്ത്രിക്കായി സച്ചിന്‍ മാത്രം നിലയുറപ്പിച്ചപ്പോള്‍ സെവാഗിനെ ഗാംഗുലിയും ലക്ഷ്മണും പിന്തുണച്ചു.

എന്നാല്‍ അന്തിമ തീരുമാനത്തിന് മുമ്പ് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം അംഗങ്ങളുടെും കൂടി അഭിപ്രായം തേടാമെന്ന നിലപാടിലായിരുന്നു സമിതി പിരിഞ്ഞത്. ലണ്ടനിലുള്ള സച്ചിന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അഭിമുഖത്തില്‍ പങ്കടുത്തത്.  അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിന് പോയ ക്യാപ്റ്റന്‍ വിരാട് കോലിയ രാജ്യത്ത് തിരിച്ചെത്തിയശേഷം കൂടിക്കാഴ്ച നടത്താമെന്നും ഇതിനുശേഷം കോച്ചിനെ പ്രഖ്യാപിക്കാമെന്നുമായിരുന്നു സമിതി തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ തന്നെ കോച്ചിനെ പ്രഖ്യാപിക്കണമെന്ന ഉന്നതാധികാര സമിതിയുടെ നിര്‍ദേശം വന്നത് കാര്യങ്ങള്‍ തകിടം മറിച്ചു.

ടീം അംഗങ്ങളെയും കോലിയെയെും വിന്‍ഡീസ് പര്യടനത്തിനിടെ കണ്ട് അഭിപ്രായം തേടിയ ബിസിസിഐ സെക്രട്ടറി രാഹുല്‍ ജോഹ്റിയോട് കളിക്കാരുടെയും ക്യാപ്റ്റന്റെ നിലപാടെന്താണെന്ന് സമിതി ആരാഞ്ഞു. കോലിയും ടീമും ശാസ്ത്രിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ജോഹ്‌റി അറിയിച്ചതോടെയാണ് സെവാഗിനെവെട്ടി ശാസ്ത്രിക്ക് നറുക്ക് വീണത്. എന്നാല്‍ ശാസ്ത്രിയ്ക്ക് ടീമിന്റെ പൂര്‍ണ ചുമതല നല്‍കുന്നതിന് പകരം സഹീറിനെയും ദ്രാവിഡിനെയും കൂടി ഉള്‍പ്പെടുത്തി മുന്‍കരുതലെടുക്കാനും സമിതി മറന്നില്ല.

click me!