ധോണിയുടെയും യുവരാജിന്റെയും ഭാവിയെക്കുറിച്ച് രവി ശാസ്ത്രി

By Web DeskFirst Published Jul 13, 2017, 5:48 PM IST
Highlights

മുംബൈ: ലോകകപ്പ് ക്രിക്കറ്റിന് രണ്ടുവര്‍ഷം ബാക്കിയിരിക്കെ എംഎസ് ധോണിയും യുവരാജ് സിംഗും ലോകകപ്പ് ടീമിലുണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഇന്ത്യന്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രി. 2019ലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്നും ധോണിയും യുവരാജും ചാമ്പ്യന്‍ ക്രിക്കറ്റര്‍മാരാണെന്നും സമയം വരുമ്പോള്‍ ഇരുവരുടെയും കാര്യത്തില്‍ ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്നും ശാസ്ത്രി പറഞ്ഞു.

2019 ലോകകപ്പ് വരെ കളിക്കാന്‍ കഴിയുമെന്ന് ധോണി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുവരാജ് ഇതുവരെ മനസുതുറന്നിട്ടില്ല. പ്രായവും മോശം ഫോമുമാണ് ഇരുവര്‍ക്കും മുന്നിലുള്ള വലിയ വെല്ലുവിളി. കോച്ചായി തെരഞ്ഞെടുക്കപ്പെട്ടശേഷം കോലിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മുമ്പ് സംഭവിച്ച കാര്യങ്ങള്‍ മനസില്‍വയ്ക്കുന്ന ആളല്ല താനെന്നും ശാസ്ത്രി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തശേഷം ഇതുവരെ തിളങ്ങാന്‍ യുവരാജിനായിട്ടില്ല. ധോണിയാകട്ടെ ചില മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മെല്ലെപ്പോക്കിലൂടെ ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണക്കാരനായതോടെ കടുത്ത സമ്മര്‍ദ്ദത്തിലുമാണ്.

റിഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങളുടെ സാന്നിധ്യവും ധോണിയ്ക്കുമേല്‍ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും ധോണിയെ പിന്തുണച്ച് കോലി രംഗത്തെത്തിയിരുന്നു. കോലിയുടെ കൂടെ താല്‍പര്യപ്രകാരമാണ് യുവരാജിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

 

 

 

click me!