അശ്വിന്‍ ബൗളിംഗിലെ ബ്രാഡ്‌മാനെന്ന് സ്റ്റീവ് വോ

By Web DeskFirst Published Feb 14, 2017, 4:03 PM IST
Highlights

മൊണോക്കോ: ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാനോട് ഉപമിച്ച് ഓസ്ട്രേലിയൻ ടീം മുൻ നായകൻ സ്റ്റീവ് വോ. നിലവിലെ ഫോമില്‍ ബൗളിംഗിൽ അശ്വിൻ ഡോണ്‍ ബ്രാഡ്മാനാണെന്ന് വോ പറഞ്ഞു. ബ്രാഡ്‌മാന്‍ ബാറ്റുകൊണ്ട് ചെയ്തതിനു തുല്യമായ പ്രകടനങ്ങളാണ് ബൗളിംഗിൽ ഇന്ത്യക്കായി അശ്വിൻ ചെയ്യുന്നതെന്നും സ്റ്റീവ് വോ പറഞ്ഞു.അവിശ്വസനീയ പ്രകടനമാണ് അശ്വിന്‍ നടത്തുന്നത്. ഇന്ത്യയെ കീഴടക്കണമെങ്കില്‍ ഓസീസിന് അശ്വിനെ മറികടന്നേ പറ്റൂവെന്നും വോ മുന്നറിയിപ്പ് നല്‍കി.

രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരു അവസരം ലഭിച്ചാൽ താന്‍ നേരിടാന്‍ ആഗ്രഹിക്കാത്ത ബൗളർ കൂടിയാണ് അശ്വിനെന്നും സ്റ്റീവ് വോ പറഞ്ഞു. നായകനെന്ന നിലയില്‍ കൊഹ്‌ലിയുടെ പ്രകടനവും അസാമാന്യമാണ്. ഓരോ സ്ഥാനങ്ങളിലും ഇന്ത്യക്ക് മികച്ച താരങ്ങളുണ്ട്. എന്തും കീഴടക്കാമെന്ന ആത്മവിശ്വാസവും അവര്‍ക്കുണ്ട്. അതേസമയം ഇന്ത്യയിൽ പര്യടനം നടത്തുന്ന ഓസീസ് ടീം 4-0ന്‍റെ തോൽവി ഏറ്റുവാങ്ങുമെന്ന ഇന്ത്യൻ ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പ്രസ്താവനയെ വോ തള്ളിക്കളഞ്ഞു. മികച്ച ഒരു ടീമിനെ അത്തരത്തിൽ എഴുതിത്തള്ളുന്നത് വിഡ്ഢിത്തമാണ്. ഓസ്ട്രേലിയയുടെ മികച്ച കളിക്കാരെ ഇന്ത്യ നേരിട്ടിട്ടില്ല. ഏറ്റവും വേഗത്തിൽ പന്തെറിയുന്ന മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ആ ടീമിലുണ്ട്. സ്പിൻ വിഭാഗത്തിൽ ലിയോണും മികച്ച ഫോമിലാണ്- വോ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിക്കുക എന്നത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അത് ലഭിച്ചാല്‍ പിന്നീട് എന്തും സംഭവിക്കാം. തുടർച്ചയായി സെഞ്ചുറികൾ അടിച്ചുകൂട്ടി ഓസീസിന് വിജയങ്ങൾ നേടിത്തരുന്ന ഓപ്പണർ ഡേവിഡ് വാർണറെ ഇന്ത്യ കരുതിരിക്കണമെന്നും അശ്വിനായിരിക്കും വാര്‍ണര്‍തക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്നും വോ പറഞ്ഞു.

click me!