Latest Videos

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള കാരണം; ടീം ഉടമ പറയുന്നു

By Web DeskFirst Published Feb 20, 2017, 3:03 PM IST
Highlights

പൂനെ: ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സ് സ്ഥാനത്തുനിന്ന് എംഎസ് ധോണിയെ പുറത്താക്കിയതാണെന്ന അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക. ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതല്ലെന്ന് ഗോയങ്ക ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതല്ല. ഞങ്ങള്‍ ധോണിക്ക് പകരം സ്റ്റീവന്‍ സ്മിത്തിനെ ക്യാപ്റ്റനായി നിയമിച്ചതാണ്.

കഴിഞ്ഞ സീസണ്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല.അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒരു യുവതാരത്തെ ക്യാപ്റ്റനായി വേണമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്ത് ഓസീസിനെ നയിക്കുന്നരീതിയിലും ഞങ്ങള്‍ക്ക് മതിപ്പാണ്. അതിനാലാണ് സ്റ്റീവന്‍ സ്മിത്തിനെ ക്യാപ്റ്റനായി നിയമിച്ചതെന്നും ഗോയങ്ക പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പ്രകടനത്തോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഗോയങ്ക വ്യക്തമാക്കി. തീരുമാനത്തിന് ധോണിയുടെ പിന്തുണയുണ്ടായിരുന്നു. കളിക്കാരനെന്ന നിലയില്‍ ധോണി ടീമിന്റെ അവിഭാജ്യഘടകമായിരിക്കുമെന്നും ഗോയങ്ക വ്യക്തമാക്കി.

ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വതന്ത്രമായി കളിക്കാനുമായി ധോണി പൂനെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ നായകനായി മാത്രം കളിച്ചിട്ടുള്ള ധോണി ഇതാദ്യമായാണ് ഒറു ടീമില്‍ കളിക്കാരന്‍ മാത്രമായി തുടരുന്നത്. കഴിഞ്ഞ സീസണില്‍ അരങ്ങേറ്റംകുറിച്ച പൂനെ 14 കളികളില്‍ വെറും അഞ്ച് ജയങ്ങളുമായി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

click me!