ഫുട്ബോളിലെ ഓറഞ്ച് സൂര്യൻ

By Web DeskFirst Published Oct 11, 2017, 12:37 PM IST
Highlights

ഓറഞ്ച് പടയുടെ ഇടംകാല്‍ റോക്കറ്റ് റേഞ്ചറായിരുന്നു ആര്യന്‍ റോബന്‍. അടുത്തവര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് നെതര്‍ലന്‍ഡ്സ് യോഗ്യത നേടാനാകാതെ പോയതോടെ ഡച്ച് ഇതിഹാസം അവസാന ലോകകപ്പ് യോഗ്യതാ മത്സരവും കളിച്ച് ഓറഞ്ച് കുപ്പായം അഴിച്ചുവെച്ചു. ലോകകപ്പ് പ്രതീക്ഷകളൊന്നും ബാക്കിയില്ലാതിരുന്ന സ്വീഡനെതിരായ അവസാന മത്സരത്തിലും തന്റെ ഇടങ്കാല്‍ കരുത്ത് അവസാനമായി ഒരിക്കല്‍ കൂടി ലോകത്തിന് കാട്ടിക്കൊടുത്താണ് റോബന്‍ മടങ്ങിയത്. ഇനി ഓറഞ്ച് കുപ്പായത്തില്‍ അങ്ങനെയൊരു കാഴ്ച ആരാധകര്‍ക്ക് കാണാനാകില്ല. ദേശീയ ജേഴ്സിയിലെ അവസാ മത്സരത്തിലും എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍ നേടി ടീമിന്റെ വിജയശില്‍പിയായെങ്കിലും ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാനാവത്തതിന്റെ അപമാനഭാരത്തില്‍ തലകുമ്പിട്ടാണ് റോബന്‍ മടങ്ങിയത്. ജോമിറ്റ് ജോസ് എഴുതുന്നു

റോബന്‍ എന്ന ടോട്ടല്‍ ഫുട്ബോളര്‍

നെതര്‍ലന്‍ഡ്സ് മുന്‍ നിരയില്‍ റോബിന്‍ വാന്‍ വാന്‍പേഴ്‌സിയെ കൂട്ടുപിടിച്ചുള്ള ഡച്ച് പടയോട്ടത്തിനുകൂടിയാണ് റോബന്റെ വിടവാങ്ങലോടെ അസ്തമനമാകുന്നത്. ടോട്ടല്‍ ഫുട്‌ബോളിന്റെ പ്രയോക്താക്കളായിരുന്ന റോബന്‍, വാന്‍പോഴ്‌സി, സ്‌നൈഡര്‍ ത്രിമൂര്‍ത്തികളുടെ മടക്കം കൂടിയാണിത്.
ഇടംങ്കാല്‍ കൊണ്ട് ബുളളറ്റ് വേഗതയില്‍ മിന്നല്‍പ്പിണര്‍ പോലെ വളഞ്ഞ ഗോളുകളായിരുന്നു റോബന്റെ പ്രത്യേകത. ചീറ്റപ്പുലിയുടെ ശരവേഗവും കണിശതയാര്‍ന്ന പാസുകളും ഇടംകാലിന്റെ വന്യമായ കരുത്തും ചേര്‍ന്ന കംപ്ലീറ്റ് പാക്കേജായിരുന്നു റോബന്‍. ബ്രസീലിന്റെ റോബര്‍ട്ടോ കാര്‍ലോസിനു ശേഷം ഇടംകാലിന്റെ വന്യത ഫുട്ബോള്‍ ലോകത്തിന് കാട്ടിത്തന്ന താരം. വിംഗുകളില്‍ നിന്ന് മെയ്‌വഴക്കത്തോടെ പന്തുമായി കുതിച്ച് പ്രതിരോധനിരയെ കാഴ്ച്ചക്കാരാക്കി മിന്നല്‍പ്പിണര്‍ വളയത്തില്‍ വെടിയുതിര്‍ക്കുക, അതായിരുന്നു റോബന്‍ സ്റ്റൈല്‍.

സ്വാര്‍ത്ഥനായിരുന്നോ റോബന്‍ ?

14 വര്‍ഷത്തെ കരിയറില്‍ 2006, 2010, 2014 വര്‍ഷങ്ങളിലായി മൂന്ന് ലോകകപ്പുകളില്‍ കളിച്ച റോബന്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ തിരിച്ചുവരവിന്റെ പ്രയോക്താവായിരുന്നു. 2003ല്‍ പോര്‍ച്ചുഗലിനെതിരെ സൗഹൃദ മത്സരത്തിലാണ് 19കാരനായ റോബന്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. 96 മത്സരങ്ങളില്‍ നിന്ന് 37 തവണ ദേശീയടീമിനായി വലകുലുക്കി. പലപ്പോഴും എതിരാളികളെ ഡ്രിബിള്‍ ചെയ്ത് മുന്നേറുന്നതിനിടിയില്‍ മികച്ച പൊസിഷനിലുള്ള സഹാതരത്തിന് ഗോളടിക്കാന്‍ പാസ് നല്‍കാതെ സ്വാര്‍ത്ഥത കാട്ടുന്ന കളിക്കാരനെന്ന ചീത്തപ്പേര് കൂടെയുണ്ടായിരുന്നെങ്കിലും പ്രതിഭയുടെ കരുത്തുകൊണ്ട് റോബന്‍ അതെല്ലാം അനായാസം മറികടന്നു. കരിയറില്‍ സഹതാരങ്ങള്‍ക്ക് ഗോളടിക്കാനൊരുക്കിയ 29 അസിസ്റ്റുകള്‍ തന്നെ അതിനുള്ള ഉദാഹരണം.

ഓടിത്തോല്‍പ്പിക്കാനാവാത്ത ഓറഞ്ച് വീര്യം

ഗ്രൗണ്ടിലിറങ്ങിയാല്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന വേഗമായിരുന്നു റോബന്റെ കാലുകള്‍ക്ക്. എതിരാളികള്‍ക്ക് അത്രപെട്ടെന്നൊന്നും ഓടിത്തോല്‍പ്പിക്കാനാവാത്ത ഓറഞ്ച് വീര്യം. എന്നാല്‍ 2016 യൂറോയ്ക്ക് നെതര്‍ലന്‍ഡ്സ് യോഗ്യത നേടാതെ പോയതോടെ റോബന്റെ മികവിനുമേല്‍ ചോദ്യങ്ങളുയര്‍ന്നു തുടങ്ങിയിരുന്നു. കാല്‍പന്ത് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ 2010 ലോകകപ്പിലെ അന്തിമ പോരാട്ടത്തില്‍ എക്‌സ്ട്രാ ടൈമില്‍ റോബന്റെ തകര്‍പ്പന്‍ ഇടംകാലടി സ്പാനിഷ് ഗോളി ഐകര്‍ കസിയസ് തട്ടിയകറ്റിയപ്പോള്‍ ഗ്യാലറി നിശബ്ദമായി. റോബന്‍ കായിക ലോകത്ത് ഓര്‍മ്മിക്കപ്പെടുന്നതും ഒരുപക്ഷെ, ഈ വീഴ്ച്ചയുടെ പേരിലായിരിക്കാം.

2014ലെ ബ്രസീല്‍ ലോകകപ്പില്‍ സ്‌പെയിനിനെ 5-1ന് തകര്‍ത്താണ് ഓറഞ്ച് പട ലോകകപ്പ് പടയോട്ടം ആരംഭിച്ചത്. ഡച്ച് പട സെമി ഫൈനലിലെത്തിയ ലോകകപ്പില്‍ റോബന്‍ മൂന്ന് തവണ വലകുലുക്കി. 2014 ലോകകപ്പ ക്വര്‍ട്ടറില്‍ കോസ്റ്റാറിക്കയായിരുന്നു ഓറഞ്ച് പടയുടെ എതിരാളികള്‍. മത്സരത്തിന്റെ തുടക്കം മുതല്‍ ആര്യന്‍ റോബന്റെ മിന്നലാക്രമണം. എന്നാല്‍ ഗോള്‍നിഴല്‍ വീണ 120 മിനുറ്റുകള്‍ക്കൊടുവില്‍ വിജയിയെ അറിയാന്‍ ഷൂട്ടൗട്ടിലേക്ക്. ഓറഞ്ച് ഗോളി ടിം ക്രൂളി രണ്ട് കിക്കുകള്‍ തടുത്തതോടെ റോബനും സംഘവും സെമിയില്‍ മെസിപ്പടയെ നേരിടാന്‍ സാവോപോളയിലേക്ക്. അവിടെയും 120 മിനുറ്റ് നീണ്ട ഗോള്‍രഹിത പോരാട്ടം. ഒടുവില്‍ പെനല്‍ട്ടി ഷൂട്ടൗട്ടില്‍ നാലിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് നാട്ടിലേക്ക്.


ദേശീയ കുപ്പായം അഴിച്ചെങ്കിലും റോബനെ പ്രിയ ക്ലബായ ബയേണ്‍ മ്യൂണിക്കില്‍ കാണാം. പരുക്ക് അലട്ടുന്നുണ്ടെങ്കിലും റോബന്റെ പിന്‍മാറ്റം ബയേണ്‍ മ്യൂണിക്കിന് ആശ്വസം നല്‍കുന്നുണ്ട്. എന്നാല്‍ ദീപശിഖ കൈമാറാന്‍ ഉചിതമായ സമയം ഇതാണെന്നാണ് റോബന്‍ പറഞ്ഞത്. എന്നാല്‍ തന്റെ പകരക്കാരക്കാരന്‍ ആരാണെന്ന് പറയാന്‍ റോബന് കഴിഞ്ഞില്ല, അല്ലെങ്കില്‍ അങ്ങനെയൊരാള്‍ ലോകഫുട്‌ബോളിലില്ല. മൈതാനത്തെ ത്രസിപ്പിച്ച മൊട്ടത്തലയന്‍ മടങ്ങുന്നത് ഹോളണ്ട് ഫുട്ബോളിന് മാത്രമല്ല കാല്‍പ്പന്തുകളിയെ നെഞ്ചോടു ചേര്‍ക്കുന്നവരുടെ നഷ്ടം കൂടിയാണ്.

tags
click me!