ഈ ലോകകപ്പിൽ ഇന്ത്യയെ നിരന്തരം പരിക്കുകളും അസുഖങ്ങളും വേട്ടയാടുന്നുണ്ട്. ജസ്പ്രീത് ബുമ്രക്കും, അഭിഷേക് ശർമക്കും അസുഖം കാരണം ഗ്രൂപ്പ് ഘടത്തിലെ ഓരോ മത്സരങ്ങൾ വീതം നഷ്ടമായിരുന്നു.

അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026-ന്റെ സൂപ്പർ 8 ഘട്ടത്തിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യ ഒരുങ്ങവെ ടീമിന് തിരിച്ചടിയായി പേസര്‍ മുഹമ്മദ് സിറാജിന്‍റെ പരിക്ക്. വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയിത്തിൽ നടന്ന പരിശീലനത്തിനിടെയാണ് സിറാജിന് പന്തുകൊണ്ട് പരിക്കേറ്റത്. ഹാർദിക് പാണ്ഡ്യ അടിച്ച പന്ത് നേരിട്ട് സിറാജിന്‍റെ ഇടത് കാലിലെ മുട്ടിൽ കൊള്ളുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

നെറ്റ്സിൽ പാണ്ഡ്യ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം നടന്നത്. പാണ്ഡ്യയുടെ കരുത്തുറ്റ ഒരു സ്ട്രെയിറ്റ് ഡ്രൈവ് തടയാൻ നിൽക്കവെ പന്ത് സിറാജിന്‍റെ മുട്ടിൽ ശക്തമായി കൊള്ളുകയായിരുന്നു. പന്തുകൊണ്ട ഉടന്‍ വേദനകൊണ്ട് പുളഞ്ഞ സിറാജ് ഉടൻ തന്നെ ഗ്രൗണ്ടിൽ ഇരുന്നു. ടീം ഫിസിയോ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും താരം മുടന്തിക്കൊണ്ടാണ് നെറ്റ്സിന് പുറത്തേക്ക് പോയത്. സിറാജിന്‍റെ പരിക്ക് ഗുരുതരമാണോയെന്ന് ബിസിസിഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ സിറാജ് കളിക്കുന്ന കാര്യം സംശയത്തിലാണ്.

ഈ ലോകകപ്പിൽ ഇന്ത്യയെ നിരന്തരം പരിക്കുകളും അസുഖങ്ങളും വേട്ടയാടുന്നുണ്ട്. ജസ്പ്രീത് ബുമ്രക്കും, അഭിഷേക് ശർമക്കും അസുഖം കാരണം ഗ്രൂപ്പ് ഘടത്തിലെ ഓരോ മത്സരങ്ങൾ വീതം നഷ്ടമായിരുന്നു. വാഷിംഗ്ടൺ സുന്ദർ പരിക്കുമൂലം ആദ്യ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ലോകകപ്പിന് തൊട്ടു മുമ്പ് സന്നാഹ മത്സരത്തില്‍ പരിക്കേറ്റ് പേസര്‍ ഹര്‍ഷിത് റാണ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. ഹര്‍ഷിതിന്‍റെ പകരക്കാരനായാണ് സിറാജ് ലോകകപ്പ് ടീമിലെത്തിയത്.

Scroll to load tweet…

സിറാജിന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ബൗളിംഗ് കോച്ച് മോണി മോർക്കൽ സ്പിന്നർ വരുൺ ചക്രവർത്തിയുടെ പ്രകടനത്തിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ ഒൻപത് വിക്കറ്റുകളുമായി ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് വരുൺ. വരുൺ ഞങ്ങളുടെ പ്രധാന വിക്കറ്റ് ടേക്കിംഗ് ഓപ്ഷനാണ്. ബുമ്രയും മറ്റ് ബൗളർമാരും നൽകുന്ന പിന്തുണ വരുണിന്‍റെ പ്രകടനത്തെ കൂടുതൽ മികച്ചതാക്കുന്നുവെന്ന് വെള്ളിയാഴ്ചത്തെ പരിശീലനശേഷം മോണി മോർക്കൽ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണ സൂപ്പര്‍ 8ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറുന്ന ഇരു ടീമുകൾക്കും സെമി ഫൈനൽ പ്രവേശനം എളുപ്പമാക്കാൻ അദ്യ കളിയിലെ ജയം അനിവാര്യമാണ്. ഞായറാഴ്ച രാത്രി 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക