
ബംഗളൂരു: മുൻ ഇന്ത്യൻ താരവും ഇന്ത്യൻ പ്രീമിയർ ലീഗിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ റോബിൻ ഉത്തപ്പ കേരളത്തിനായി കളിക്കാനുള്ള സാധ്യതകൾ മങ്ങി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഉത്തപ്പ കേരളത്തിലേക്കു വരാനുള്ള തീരുമാനത്തിൽനിന്നു പിൻമാറിയത്. അതേസമയം, പഞ്ചാബ് താരം ജീവൻ ജ്യോത് സിംഗിനെ കേരളത്തിലെത്തിക്കാനും കെസിഎ ശ്രമം നടത്തുന്നുണ്ട്.
ഉത്തപ്പ അടുത്ത രഞ്ജി സീസണിൽ കേരളത്തിന് വേണ്ടി കളിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. മറ്റു സംസ്ഥാനങ്ങൾക്കുവേണ്ടി കളിക്കാനുള്ള എൻഒസി കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഉത്തപ്പയ്ക്കു നൽകിയതോടെയാണ് താരം കേരളത്തിലേക്കു കൂടുമാറാൻ കരുക്കൾ നീക്കിയത്. താരവുമായി കരാർ നീട്ടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ശ്രമിച്ചെങ്കിലും ഉത്തപ്പ താത്പര്യം കാണിച്ചില്ല.
കർണാടക ടീമിൽ കഴിഞ്ഞ 15 വർഷത്തോളം ഉത്തപ്പ സ്ഥിരസാന്നിധ്യമായിരുന്നു. 2002ൽ 17-ാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഉത്തപ്പ അന്നു മുതൽ കർണാടകത്തിന്റെ താരമാണ്. കഴിഞ്ഞ രഞ്ജി സീസണിൽ കർണാടകയ്ക്ക് വേണ്ടി ആറു മത്സരം മാത്രമാണ് ഉത്തപ്പ കളിച്ചത്. അതാണ് ഉത്തപ്പ കർണാടക ടീം വിടാനുള്ള കാരണമായി കരുതപ്പെടുന്നത്. കരുണ്‍ നായർ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾ കർണാടക ടീമിൽ എത്തിയതോടെ ഉത്തപ്പയ്ക്ക് അവസരം കുറയുകയായിരുന്നു.
130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 8793 റണ്‍സ് നേടിയ ഉത്തപ്പ 21 സെഞ്ചുറിയും 48 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. 2014-15 സീസണിൽ കർണാടക രഞ്ജി ചാമ്പ്യന്മാരായത് ഉത്തപ്പയുടെ മികവിലായിരുന്നു. സീസണിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയിൽ 1,158 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ടീമിലും പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ടീമിലും ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അംഗമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!