
മെൽബൺ: പ്രായം തളര്‍ത്താത റോജര്‍ ഫെഡററുടെ പ്രതിഭക്കുമുന്നില്‍ അട്ടിമറിവീരന്‍ ചങ് ഹിയോണും മുട്ടുകുത്തി. ജോക്കോവിച്ച് അടക്കമുള്ള വമ്പന്‍മാരെ അട്ടിമറിച്ചെത്തിയ ഹിയോണിനെ വീഴ്‌ത്തി ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തി. ഫെഡറര്‍ 6–1, 5–2 എന്ന സ്കോറിൽ മുന്നിൽ നിൽക്കുമ്പോൾ ഹിയോൺ പരുക്കേറ്റ് പിൻമാറുകയായിരുന്നു. ഇരുപതാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യന്‍ കൂടിയായ സ്വിസ് ഇതിഹാസം ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ക്രൊയേഷ്യൻ താരം മാരില്‍ സിലിച്ചിനെ നേരിടും.
സിലിച്ചിനെ മറികടക്കാനായാൽ ആറാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 20–ാം ഗ്രാൻസ്‌ലാം കിരീടവും ഫെഡററിനു സ്വന്തമാക്കാം. ആറു തവണ വീതം ഓസ്ട്രേലിയൻ ഓപ്പൺ നേടിയിട്ടുള്ള നൊവാക് ജോക്കോവിച്ച്, റോയ് എമേഴ്സൻ എന്നിവരുടെ റെക്കോർഡിന് ഒപ്പമെത്താനുള്ള അവസരം കൂടിയാണ് ഫെഡററിന് ഇത്.
നേരത്തെ, ചെക്ക് റിപ്പബ്ലിക്കിന്റെ ടോമസ് ബെർഡിച്ചിനെതിരെ 7–6, 6–3, 6–4 ജയത്തോടെയാണ് പതിനാലാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലേക്കു ഫെഡറർ പ്രവേശിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ച 106 മൽസരങ്ങളിൽ തൊണ്ണൂറ്റിമൂന്നും വിജയിക്കാൻ കഴിഞ്ഞുവെന്ന നേട്ടവും ഫെഡറർ സ്വന്തമാക്കി.
അതേസമയം, ഗ്രാൻസ്‌ലാം ഫൈനൽ കളിക്കുന്ന ആദ്യ ദക്ഷിണകൊറിയൻ താരമെന്ന ബഹുമതിയാണ് ‘കപ്പിനും ചുണ്ടിനു’മിടയിൽ ചങ്ങിന് നഷ്ടമായത്. മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ചിനെയും നാലാം സീഡ് അലക്സാണ്ടർ സ്വരേവിനെയും വീഴ്ത്തിയ ഹിയോണിന്റെ സ്വപ്ന തുല്യമായ കുതിപ്പിനു കീടിയാണ് സെമിയിൽ ഫെഡറർ കടിഞ്ഞാണിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!