തകര്‍ത്തടിച്ച് രോഹിത്തും പന്തും; കിവീസിനെതിരെ ഇന്ത്യക്ക് അനായാസ വിജയം

By Web TeamFirst Published Feb 8, 2019, 3:14 PM IST
Highlights

ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (50), ഋഷഭ് പന്ത് (40*), ശിഖര്‍ ധവാന്‍ (30) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 158/8. ഇന്ത്യ 162/3. മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്. 
 

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍മാര്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രോഹിത് ശര്‍മയുടെ ഇന്നിങ്‌സ്. ശര്‍മയെ ഇഷ് സോധി ടിം സൗത്തിയുടെ കൈകളിലെത്തിച്ചു. ഒമ്പത് റണ്‍ കൂട്ടിച്ചേര്‍ക്കുന്നനിടെ ധവാനേയും ഇന്ത്യക്ക് നഷ്മായി. ലോക്കി ഫെര്‍ഗൂസനായിരുന്നു വിക്കറ്റ്. വിജയ് ശങ്കറിനും (എട്ട് പന്തില്‍ 14) അധികനേരം പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. പിന്നാലെ ഒത്തുച്ചേര്‍ന്ന് പന്ത്- എം.എസ് ധോണി (17 പന്തില്‍ പുറത്താവാതെ 23) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. 

നേരത്തെ, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു കിവീസ്. 10 ഓവറില്‍ നാലിന് 60 എന്ന നിലയിലായിരുന്നു കിവീസ് ബാറ്റിങ് പൂര്‍ത്തിയാക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍ നേടി. അവസാന പത്ത് ഓവറില്‍ 98 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (28 പന്തില്‍ 50), റോസ് ടെയ്‌ലര്‍ (36 പന്തില്‍ 42) എന്നിവരാണ് കിവീസ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് ആദ്യ ഘട്ടത്തില്‍ കിവീസിനെ തകര്‍ത്തത്. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. 

ഗ്രാന്‍ഡ്‌ഹോം, റോസ് ടെയ്‌ലര്‍ എന്നിവര്‍ക്ക് പുറമെ ടിം സീഫെര്‍ട്ട് (12), കോളിന്‍ മണ്‍റോ (12), ഡാരില്‍ മിച്ചല്‍ (1), കെയ്ന്‍ വില്യംസണ്‍ (20), മിച്ചല്‍ സാന്റ്‌നര്‍ (7)  എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍ ആയിരിക്കെ സീഫെര്‍ട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു.  കൂറ്റനടിക്കാന്‍ മണ്‍റോയാവട്ടെ കവറില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി. 

എന്നാല്‍ മിച്ചലിന് വിനയായത് തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനമാണ്. ക്രുനാലിന്റെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയെങ്കിലും പന്ത് ബാറ്റില്‍ തട്ടിയിരുന്നു. വില്യംസണാവട്ടെ ക്രുനാല്‍ പാണ്ഡ്യയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഗ്രാന്‍ഡ്‌ഹോം ഹാര്‍ദിക് പാണ്ഡ്യയെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ ഡീപ് കവറില്‍ രോഹിത്തിന് ക്യാച്ച് നല്‍കി. റോസ് ടെയ്‌ലര്‍ റണ്ണൗട്ടാവുകയായിരുന്നു. ഗ്രാന്‍ഡ്‌ഹോം- ടെയ്‌ലര്‍ സഖ്യം 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെയെത്തിയ സാന്റ്‌നറുടെയും സൗത്തിയുടെയും വിക്കറ്റുകള്‍ ഖലീല്‍ അഹമ്മദ് തെറിപ്പിക്കുകയായിരുന്നു.

click me!