
2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് പാസായത് ആഘോഷമാക്കി ആരാധകര്‍. 38 വയസ് പിന്നിടുന്ന രോഹിതിന് ടീമിലെ സ്ഥാനം നിലനിര്‍ത്താൻ ഫിറ്റ്നസ് ടെസ്റ്റ് എന്ന വലിയ കടമ്പയായിരുന്നു മുന്നിലുണ്ടായിരുന്നത്. ബിസിസിഐയുടെ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലൻസിലാണ് രോഹിതും മറ്റ് താരങ്ങളും കായികക്ഷമത തെളിയിക്കാനും മറ്റ് പരിശോധനകള്‍ക്കുമായി കഴിഞ്ഞ ദിവസം എത്തിയത്. കായികക്ഷമതയുടെ കാര്യത്തില്‍ രോഹിത് ഏറെ മുന്നിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 മേയില്‍ ഐപിഎല്ലിലാണ് രോഹിത് അവസാനമായി കളത്തിലെത്തിയത്.
ഒക്ടോബറില്‍ നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തില്‍ രോഹിത് ഭാഗമാകും. മൂന്ന് ഏകദിനങ്ങളടങ്ങുന്നതാണ് പരമ്പര. നേരത്തെ ട്വന്റി 20യിലും ടെസ്റ്റില്‍ നിന്നും വിരമിച്ച രോഹിതിന് മുന്നില്‍ ഇനി അവശേഷിക്കുന്നത് ഏകദിന ഫോര്‍മാറ്റ് മാത്രമാണ്.
ഫിറ്റ്നസ് ടെസ്റ്റിന് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ രോഹിതിന്റെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തേക്കാളും മെച്ചപ്പെട്ട ശരീരഭാഷയാണ് രോഹിതില്‍ കാണാനാകുന്നത്. തിരിച്ചുവരവിന് മുന്നോടിയായി ഇന്ത്യയുടെ മുൻ സഹപരിശീലകൻ അഭിഷേക് നായരുടെ കീഴിലായിരുന്നു രോഹിതിന്റെ പരിശീലനം. ശരീരഭാരം കുറച്ചെത്തിയ രോഹിതിന്റെ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. ഇതിന് മുൻപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രോഹിത് പ്രത്യക്ഷപ്പെട്ട ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇതോടെ രോഹിതിന്റെ ഏകദിന വിരമിക്കല്‍ ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കകയാണ്. ഓസ്ട്രേലിയൻ പര്യടനം രോഹിതിന്റേയും വിരാട് കോലിയുടേയും അവസാന ഏകദിന പരമ്പരയായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രോഹിത് ബെംഗളൂരുവിലെത്തി ഫിറ്റ്നസ് ടെസ്റ്റ് പാസായെങ്കിലും വിരാട് കോലി എത്തിയിരുന്നില്ല. കോലി എന്ന് ഫിറ്റ്നസ് ടെസ്റ്റിനെത്തുമെന്നകാര്യത്തിലും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!