ഹിറ്റ്മാന്‍ 'വേറെ ലെവല്‍'; ടി20യിലെ 'ഗെയിലാ'ട്ടത്തെയും മറികടക്കാനൊരുങ്ങുന്നു

By Web TeamFirst Published Feb 9, 2019, 10:10 PM IST
Highlights

92 ടി20 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികള്‍ സഹിതം 2288 റണ്‍സോടെയാണ് രോഹിത് റണ്‍വേട്ടയില്‍ ഒന്നാമനായത്. 76 മത്സരങ്ങളില്‍ നിന്ന് 2272 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിന്റെ പേരിലുള്ളത്

ക്രെെസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിലെ അര്‍ധസെഞ്ചുറിയിലൂടെ രോഹിത് ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. എന്നാല്‍, അതിലൊന്നും അവസാനിക്കുന്നതല്ല ഈ പരമ്പരയില്‍ ഹിറ്റ്മാനെ കാത്തിരിക്കുന്ന നേട്ടങ്ങള്‍.

ട്വന്‍റി 20 ക്രിക്കറ്റിലെ മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കുന്നതിന്‍റെ പടിവാതില്‍ക്കലാണ് ഇന്ത്യന്‍ നായകന്‍. അടുത്ത മത്സരത്തില്‍ രണ്ട് സിക്സര്‍ കൂടി നേടിയാല്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമായി രോഹിത് മാറും. 103 വീതം സിക്സറുകള്‍ നേടിയിട്ടുള്ള വിന്‍ഡീസിന്‍റെ ക്രിസ് ഗെയിലും ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്റ്റിലുമാണ് ഇപ്പോള്‍ ഈ നേട്ടം പങ്കിടുന്നത്.

നേരത്തെ, ന്യൂസിലന്‍ഡിനെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സര്‍ നേടി താരങ്ങളില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഒപ്പമെത്തിയിരുന്നു. 92 ടി20 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികള്‍ സഹിതം 2288 റണ്‍സോടെയാണ് രോഹിത് റണ്‍വേട്ടയില്‍ ഒന്നാമനായത്.

76 മത്സരങ്ങളില്‍ നിന്ന് 2272 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിന്റെ പേരിലുള്ളത്. ഷൊയൈബ് മാലിക്(2263), വിരാട് കോലി(2167), ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇതിന് പുറമെ അര്‍ധ സെഞ്ചുറി തികച്ചതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡും നാലു സെഞ്ചുറികള്‍ നേടിയിട്ടുള്ള രോഹിത്തിന്റെ പേരിലാണ്. ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് രോഹിത്തിന്റെയും ധവാന്റെയും പേരിലാണ്. 1480 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടി20 ക്രിക്കറ്റില്‍ അടിച്ചെടുത്തത്.

click me!