
രാജ്കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. ജോ റൂട്ടിന്റെ സെഞ്ചുറിയുടെയും മോയിന്‍ അലിയുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന ശക്തമായ നിലയിലാണ്. 99 റണ്‍സുമായി മോയിന്‍ അലിയും 19 റണ്‍സുമായി ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍.
ടോസിലെ ഭാഗ്യം കനിഞ്ഞപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ആഗ്രഹിച്ച തുടക്കമാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഇംഗ്ലണ്ടിന് നല്‍കിയത്. ക്യാപ്റ്റന്‍ കുക്കിനെ കൊഹ്‌ലിയും രഹാനെയും ഓരോ തവണയും ഹസീബ് ഹമീദിനെ മുരളി വിജയ്‌യും ഓരോ തവണ വിട്ടുകളഞ്ഞെങ്കിലും അത് മുതലാക്കാന്‍ ഇംഗ്ലണ്ടിനായില്ല. ഓപ്പണിംഗ് വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് കുക്ക്(21) മടങ്ങി. പിന്നാലെ ഹമീദിനെ(31) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പകരമെത്തിയ ഡക്കറ്റും(12) അശ്വിന് മുന്നില്‍ കുടുങ്ങിയതോടെ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ അരങ്ങുവാഴ്ച പ്രതീക്ഷച്ചവരെ നിരാശരാക്കി റൂട്ടും മോയിന്‍ അലിയും ചേര്‍ന്ന് നിലയുറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.
ഇന്ത്യയിലെ ആദ്യ ടെസ്റ്റില്‍ തന്നെ ജോ റൂട്ട് സെഞ്ചുറി നേടിയപ്പോള്‍ മോയിന്‍ അലി മികച്ച പങ്കാളിയായി. സ്പിന്നര്‍മാരെ ആക്രമിച്ചു കളിച്ച ഇരുവരും അതിവേഗം സ്കോറുയര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. ലഞ്ച് സമയത്ത് 102/3 എന്ന സ്കോറില്‍ പതറുകയായിരുന്ന ഇംഗ്ലണ്ടിനെ ചായ സമയമാവുമ്പോഴേക്കും 209/3 എന്ന ശക്തമായ സ്കോറിലേക്ക് ഇരുവരും നയിച്ചു. അവസാന സെഷനില്‍ 124 റണ്‍സെടുത്ത റൂട്ടിനെ ഉമേഷ് യാദവ് സ്വന്തം ബൗളിംഗില്‍ ക്യാച്ചെടുത്ത് പുറത്താക്കിയെങ്കിലും ഇന്ത്യക്ക് ആശ്വസിക്കാന്‍ വകയൊന്നുമുണ്ടായിരുന്നില്ല.
സ്റ്റോക്സിനെ(19) കൂട്ടുപിടിച്ച് അലി പോരാട്ടം തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് ആദ്യദിനം തന്നെ 300 കടന്നു. രണ്ടാം ദിനം ഇംഗ്ലണ്ടിനെ 400നുള്ളില്‍ പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയ കടുത്ത സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്. ഇന്ത്യക്കായി അശ്വിന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജഡേജയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വിഴ്ത്തി. പേശിവലിവ് കാരണം മുഹമ്മദ് ഷാമി കളിക്കിടെ പിന്‍മാറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!