സച്ചിനെയും കോലിയെയും കടത്തിവെട്ടി ടെയ്‍ലര്‍; ഇന്ത്യയെ കാത്തിരിക്കുന്നു

By Web TeamFirst Published Jan 8, 2019, 5:50 PM IST
Highlights

കഴിഞ്ഞ ആറ് മത്സരങ്ങളിലും 50 റണ്‍സിന് മുകളില്‍ നേടിയാണ് ടെയ്‍ലര്‍ പട്ടികയിലെ രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ മുഹമ്മദ് യൂസുഫ്, വിന്‍ഡീസ് താരം ഗ്രീനിഡ്ജ്, ഓസീസ് മുന്‍ താരം മാര്‍ക്ക് വോ, സ്വന്തം ടീമിന്‍റെ നായകന്‍ കെയ്ന്‍ വില്യംസണ്‍, കിവി താരം ആന്‍ഡ്രു ജോണ്‍സ് എന്നിവര്‍ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയത്. 181, 80, 86, 54, 90, 137 ഇങ്ങനെയായിരുന്നു ടെയ്‍ലറുടെ അവസാന ആറ് ഏകദിനങ്ങളിലെ ബാറ്റിംഗ്

ഒക്ക്‍ലാന്‍ഡ്: ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എന്ന വിശേഷണം റോസ് ടെയ്‍ലറിന് സ്വന്തമാണ്. നായകന്‍ വില്യംസണില്‍ നിന്ന് കടുത്ത വെല്ലുവിളിയുണ്ടെങ്കിലും നിലവിലെ കണക്കുകള്‍ ടെയ്‍ലറിന് അനുകൂലമാണ്. 34 വയസ് പിന്നിട്ട ടെയ്‍ലര്‍ സ്വപ്നം കാണുന്നത് ടീമിന് സ്വന്തമായൊരു ലോകകപ്പാണ്. ആ ലോകകപ്പ് ടെയ്‍ലറുടെ മികച്ച ബാറ്റിംഗിലൂടെ സ്വന്തമാകുമെന്ന് കരുതുന്ന കിവീ ആരാധകരും കുറവല്ല.

കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് താരം. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ടീമിന് വിജയം സമ്മാനിച്ച സെഞ്ചുറിയുമായി ടെയ്‍ലര്‍ കളം നിറഞ്ഞു കളിച്ചു.131 പന്തുകളില്‍ നിന്നും 137 റണ്‍സ് അടിച്ചെടുത്ത ടെയ്‍ലറുടെ മികവില്‍ 115 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.

അതിനിടെ നിരവധി നാഴികകല്ലുകളും താരം സ്വന്തമാക്കി. ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ 20 സെഞ്ചുറികള്‍ നേടുന്ന ആദ്യ ന്യൂസിലാന്‍ഡ് താരം എന്ന ചരിത്രമാണ് ടെയ്‍ലര്‍ പോക്കറ്റിലാക്കിയത്. തുടര്‍ച്ചയായ ഏകദിന മത്സരങ്ങളില്‍ ഏറ്റവുമധികം തവണ 50 ന് മുകളില്‍ സ്കോര്‍ ചെയ്യുന്നവരുടെ പട്ടികയിലെ രണ്ടാം സ്ഥാനത്താണ് ടെയ്‍ലര്‍ എത്തിയത്. 9 തവണ തുടര്‍ച്ചയായി 50 ലധികം റണ്‍സ് നേടിയിട്ടുള്ള പാക് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് മാത്രമാണ് കിവി താരത്തിന് മുന്നിലുള്ളത്.

കഴിഞ്ഞ ആറ് മത്സരങ്ങളിലും 50 റണ്‍സിന് മുകളില്‍ നേടിയാണ് ടെയ്‍ലര്‍ പട്ടികയിലെ രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ മുഹമ്മദ് യൂസുഫ്, വിന്‍ഡീസ് താരം ഗ്രീനിഡ്ജ്, ഓസീസ് മുന്‍ താരം മാര്‍ക്ക് വോ, സ്വന്തം ടീമിന്‍റെ നായകന്‍ കെയ്ന്‍ വില്യംസണ്‍, കിവി താരം ആന്‍ഡ്രു ജോണ്‍സ് എന്നിവര്‍ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയത്. 181, 80, 86, 54, 90, 137 ഇങ്ങനെയായിരുന്നു ടെയ്‍ലറുടെ അവസാന ആറ് ഏകദിനങ്ങളിലെ ബാറ്റിംഗ്.

ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യന്‍ റണ്‍മെഷിനും നായകനുമായ വിരാട് കോലി എന്നിവരെയും ടെയ്‍ലര്‍ പിന്നിലാക്കി. സച്ചിനും കോഹ്‌ലിയും തുടര്‍ച്ചയായി അഞ്ച് വട്ടമാണ് 50 ന് മുകളില്‍ ഏകദിനത്തില്‍ നേടിയിട്ടുള്ളത്. ഇന്ത്യക്കെതിരെയാണ് ന്യൂസിലാന്‍ഡിന്‍റെ അടുത്ത ഏകദിന പരമ്പര പോരാട്ടം. ആദ്യ മത്സരം ജനുവരി 23 നാണ് തുടങ്ങുക. അന്ന് അമ്പതിന് മുകളില്‍ ടെയ്‍ലര്‍ക്ക് സ്കോര്‍ ചെയ്യാനായാല്‍ നേരത്തെ പറഞ്ഞ പട്ടികയിലെ രണ്ടാം സ്ഥാനത്ത് ഒറ്റയ്ക്ക് ഇരിപ്പുറപ്പിക്കാം. ആദ്യ നാല് ഏകദിനത്തിലും 50 ന് മുകളില്‍ റണ്‍സ് നേടിയാല്‍ ടെയ്‍ലറിന് മുന്നില്‍ മിയാന്‍ദാദും വഴിമാറും.

click me!