കേപ്ടൗണ്‍ ഫൈനല്‍; ദക്ഷിണാഫ്രിക്കയ്ക്ക് 173 റണ്‍സ് വിജയ ലക്ഷ്യം

By Web DeskFirst Published Feb 24, 2018, 10:23 PM IST
Highlights

കേപ്ടൗണ്‍: ന്യൂലന്‍ഡ്‌സില്‍ ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 172 റണ്‍സെടുത്തു. 47 റണ്‍സെടുത്ത ഓപ്പണര്‍ ശീഖാര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡലാ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതാണ് കൂറ്റന്‍ സ്കോറില്‍ നിന്ന് ഇന്ത്യയെ തടഞ്ഞത്.

നായകന്‍ വിരാട് കോലിയടക്കം മൂന്ന് മാറ്റങ്ങളുമായിറങ്ങിയ ഇന്ത്യയ്ക്ക് ന്യൂലന്‍ഡ്‌സിലെ തുടക്കം നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തകര്‍ത്തടിച്ച് തുടങ്ങിയ ഓപ്പണര്‍ രോഹിത് ശര്‍മ്മ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ വീണു. 11 റണ്‍സെടുത്ത ഹിറ്റ്മാനെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജൂനിയര്‍ ഡലായാണ് പുറത്താക്കിയത്. 

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാന്‍-റെയ്‌ന സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ രക്ഷിച്ചു. ടീം സ്കോര്‍ 79ല്‍ നില്‍ക്കേ റെയ്‌നയെ(27 പന്തില്‍ 43) പുറത്താക്കി സ്‌പിന്നര്‍ ഷംസി ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. പിന്നാലെ ആറ് റണ്‍സ് മാത്രമെടുത്ത് കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് വീരന്‍ മനീഷ് പാണ്ഡെ ഡലായ്ക്ക് മുന്നില്‍ കീഴടങ്ങി. 

പാണ്ഡെയ്ക്ക് ശേഷം ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യയെ സാക്ഷിയാക്കി ശീഖര്‍ ധവാന്‍ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി ധവാനെ 40 പന്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കവേ ഡലാ റണ്ണൗട്ടാക്കിയതോടെ സ്കോര്‍ 15.1 ഓവറില്‍ 126-4. പിന്നാലെ കൂറ്റനടികള്‍ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി ധോണി(12) അതിവേഗം മടങ്ങി. 

എന്നാല്‍ അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച പാണ്ഡ്യയും കാര്‍ത്തിക്കുമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഇന്നിംഗ്സ് അവസാനിക്കാന്‍ നാല് പന്ത് അവശേഷിക്കേ പാണ്ഡ്യയെ(21) മോറിസ് പുറത്താക്കിയതോടെ ഇന്ത്യ തരിപ്പണിമായി. രണ്ട് പന്തുകളുടെ ഇടവേളയില്‍ കാര്‍ത്തിക്(13) കൂടി വീണതോടെ ഇന്ത്യ ഏഴ് വിക്കറ്റിന് 168. ഒരു റണ്‍സെടുത്ത് അക്ഷര്‍ പട്ടേലും മൂന്ന് റണ്‍സുമായി ഭുവിയും പുറത്താകാതെ നിന്നു.

ഫൈനലിന് സമാനമായ മത്സരത്തില്‍ സ്ഥിരം നായകന്‍ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. കോലിക്ക് പകരം ദിനേശ് കാര്‍ത്തിക്കും ചാഹലിന് പകരം അക്ഷര്‍ പട്ടേലും ഉനദ്കട്ടിന് പകരം ജസ്‌പ്രീത് ബൂംറയും ടീമിലെത്തി. പരമ്പര 1-1ല്‍ നില്‍ക്കേ ഇന്ന് ജയിച്ചാല്‍ ഏകദിനത്തിന് പിന്നാലെ ടി20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാകും.

click me!