
കൊച്ചി: കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ആ വാര്‍ത്ത എത്തിയത്. ആര്‍ത്തിരമ്പിയ മഞ്ഞക്കടലിന്‍റെ കപ്പിത്താന്‍ അഞ്ചാം സീസണില്‍ പട നയിക്കാനുണ്ടാകില്ല. അഞ്ചാം വട്ട പോരാട്ടം ആരംഭിക്കാന്‍ 12 ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ക്രിക്കറ്റ് ദൈവം പടിയിറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചടുത്തോളം പുതിയ സീസണ്‍ എങ്ങനെയാകുമെന്ന ആശങ്കയാണ് എങ്ങും ഉയരുന്നത്. രണ്ട് വട്ടം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കിരീടം ഇക്കുറിയെങ്കിലും മഞ്ഞപ്പട സ്വന്തമാക്കണമെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആരാധകര്‍. അവരെ സംബന്ധിച്ചടുത്തോളം നിരാശയുണ്ടാക്കുന്നതാണ് സച്ചിന്‍റെ മടക്കം.
പക്ഷെ ക്രിക്കറ്റ് ദൈവം ബ്ലാസ്റ്റേഴ്സിന് ഉണ്ടാക്കികൊടുത്ത മേല്‍വിലാസത്തിന് നന്ദി പറയുകയാണ് ഏവരും. സച്ചിന്‍റെ സാന്നിധ്യം തന്നെയായിരുന്നു കൊമ്പന്‍മാരുടെ ഏറ്റവും വലിയ ആകര്‍ഷണീയത. സച്ചിന് പകരം യൂസഫലിയുടെ ലുലു ഗ്രൂപ്പ് എത്തുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്‍റെ വീര്യം കൂടുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
സച്ചിന് 20 ശതമാനം ഓഹരിയും ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിന് 80 ശതമാനം ഓഹരിയുമാണ് ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നത്. നിമ്മഗഡ്ഡ പ്രസാദ്, സിനിമാതാരങ്ങളായ നാഗാർജുന, ചിരഞ്ജീവി എന്നിവരാണ് പ്രസാദ് ഗ്രൂപ്പിലെ അംഗങ്ങൾ. ടീമിന്‍റെ പൂർണ ഉടമസ്ഥാവകാശമാണ് ഇപ്പോൾ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് തീരുമാനങ്ങളെടുക്കാന്‍ ഗുണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മലയാളി ആയ ഒരു വ്യവസായി ടീം ഏറ്റെടുക്കുമ്പോള്‍ അതിന്‍റെ ഫലവും ഉത്തരവാദിത്വവും മാനേജ്മെന്‍റിന് ഉണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഈമാസം 29 ന് എ ടി കെയ്ക്ക് എതിരെയാണ് അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പോരാട്ടം. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗ്യാലറികളെ ഇളക്കിമറിക്കാന്‍ സച്ചിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും കളത്തില്‍ വിസില്‍ മുഴങ്ങുമ്പോള്‍ കൊമ്പന്‍മാരുടെ ചിന്നം വിളിക്ക് ആവേശം കൂടുമെന്ന വിശ്വാസത്തിലാണ് ആര്‍ത്തിരമ്പുന്ന മഞ്ഞകടല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!