രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരണമെങ്കില്‍ ഇന്ത്യ ചെയ്യേണ്ടത് മൂന്ന് കാര്യങ്ങള്‍; സച്ചിന്‍ പറയുന്നു

By Web DeskFirst Published Jan 13, 2018, 12:49 PM IST
Highlights

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചുവരണമെങ്കില്‍ ഇന്ത്യന്‍ ടീം പ്രധാനമായും ചെയ്യേണ്ടത് മൂന്ന് കാര്യങ്ങളെന്ന് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആദ്യ 25 ഓവര്‍ ആണ് ഏറ്റവും നിര്‍ണായകമെന്ന് സച്ചിന്‍ പറയുന്നു. ആദ്യ 25 ഓവറില്‍ പിടിച്ചു നില്‍ക്കാനാണ് ബാറ്റ്സ്മാന്‍മാര്‍ ശ്രമിക്കേണ്ടത്. 50 ഓവറിനുശേഷം സ്കോറിംഗ് വേഗം കൂട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി.

ഇതിനുപുറമെ ബൗളര്‍മാര്‍ ശരിയായ ലെംഗ്തില്‍ പന്തെറിയണം. ഏറ്റവും പ്രധാനം പോസ്റ്റീവായ സമീപനത്തോടെ മത്സരത്തെ കാണുകയാണെന്നും സച്ചിന്‍ പറഞ്ഞു. കേപ്ടൗണ്‍ ടെസ്റ്റിലെ തോല്‍വി ഇന്ത്യയെ മാനസികമായി തളര്‍ത്തിയെന്ന് താന്‍ കരുതുന്നില്ലെന്നും സച്ചിന്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയും ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. അതിനാല്‍ മാനസിക മുന്‍തൂക്കം അവര്‍ക്കുണ്ടെന്ന് കരുതുന്നത് ശരിയല്ലെന്നും സച്ചിന്‍ വ്യക്തമാക്കി.

ആദ്യ ടെസ്റ്റില്‍ രണ്ട് ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ 30റണ്‍സ് പിന്നിട്ടത്. ആദ്യ ഇന്നിംഗ്സില്‍ 93 റണ്‍സടിച്ച ഹര്‍ദ്ദീക് പാണ്ഡ്യയും രണ്ടാം ഇന്നിംഗ്സില്‍ 37 റണ്‍സടിച്ച അശ്വിനും. ബാക്കിയുള്ള ബാറ്റ്സ്മാന്‍മാരെല്ലാം 28 റമ്‍സില്‍ താഴെയാണടിച്ചത്.

click me!