രോഹിത് ശര്‍മയെ പിന്തള്ളി കൊഹ്‌ലി ടെസ്റ്റ് ടീമില്‍ ഇടം നേടിയത് എങ്ങനെ; സെവാഗ് പറയുന്നു

By Web DeskFirst Published Nov 29, 2016, 6:32 AM IST
Highlights

മൊഹാലി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് വിരാട് കൊഹ്‌ലിയെ തഴയാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നതായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ വെളിപ്പെടുത്തല്‍. മെഹാലി ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ കളിക്കിടെയാണ് സെവാഗ് പഴയ സംഭവം ഓര്‍ത്തെടുത്തത്. 2012ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു അതെന്ന് സെവാഗ് പറഞ്ഞു.

പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലും കോഹ്‌ലി ദയനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ബാറ്റിംഗ് ശരാശരിയാകട്ടെ വെറും 10.75ഉം. അതുകൊണ്ടുതന്നെ പെര്‍ത്ത് ടെസ്റ്റില്‍ കൊഹ്‌ലിക്ക് പകരം രോഹിത് ശര്‍മയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്താനായിരുന്നു സെലക്ടര്‍മാര്‍ക്ക് താല്‍പര്യം. എന്നാല്‍ വൈസ് ക്യാപ്റ്റനായിരുന്ന താനും അന്ന് ക്യാപ്റ്റനായിരുന്ന ധോണിയും കൊഹ്‌‌ലിക്കുവേണ്ടി ശക്തമായി വാദിച്ചതിനാലാണ് കൊഹ്‌ലിയെ ടീമില്‍ നിലനിര്‍ത്തിയതെന്നും സെവാഗ് പറഞ്ഞു.

പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണെന്നും ഹിന്ദി കമന്ററിക്കിടെ സെവാഗ് കൂട്ടിച്ചേര്‍ത്തു. സെവാഗിന്റെയും ധോണിയുടെയും വിശ്വാസം കാത്ത കൊഹ്‌ലി പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 75ഉം രണ്ടാം ഇന്നിംഗ്സില്‍ 44 റണ്‍സെടുത്തു. അഡ്‌ലെയ്ഡില്‍ നടന്ന അടുത്ത ടെസ്റ്റില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും കൊഹ്‌ലി നേടി. അതിന് ശേഷം കൊഹ്‌ലിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അന്ന് കൊഹ്‌ലിക്ക് പകരം സെലക്ടര്‍മാര്‍ ടീമിലുള്‍പ്പെടുത്താന്‍ ശ്രമിച്ച രോഹിത് ശര്‍മയ്ക്ക് ഇപ്പോഴും ടെസ്റ്റ് ടീമിലെ സ്ഥിരക്കാരനാവാനായിട്ടില്ലെന്നത് മറ്റൊരു വിരോധാഭാസം.

  

click me!