ബിസിസിഐയ്ക്ക് തിരിച്ചടി; ശശാങ്ക് മനോഹര്‍ രാജി പിന്‍വലിച്ചു

By Web DeskFirst Published Mar 24, 2017, 2:30 PM IST
Highlights

ദുബായ്: ഐസിസി ചെയര്‍മാന്‍ സ്ഥാനത്ത് ജൂണ്‍ വരെ തുടരാമെന്ന് ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. ഐസിസിയിലെ പരിഷ്കരണങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പദവിയില്‍ തുടരണമെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. എന്നാല്‍ ജൂണിന് ശേഷം സ്ഥാനത്ത് തുടരില്ലെന്നും അദേഹം വ്യക്തമാക്കി. രാജിക്ക് പ്രേരിപ്പിച്ച വ്യക്തിപരമായ കാരണങ്ങള്‍ നിലനില്‍ക്കുന്നതായി മനോഹര്‍ പറഞ്ഞു. ഈ മാസം 15നാണ് മനോഹര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.

ബിസിസിഐ പ്രതിനിധിയായി ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായ ശശാങ്ക് മനോഹര്‍ സ്വീകരിച്ച പലനടപടികളും ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു. അധികാരമേറ്റ് എട്ടാം മാസമുള്ള ശശാങ്കിന്റെ പടിയിറക്കം, ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായുള്ള (ബിസിസിഐ) അഭിപ്രായവ്യത്യാസങ്ങളുടെ പേരിലാണെന്ന സൂചനകൾ ശക്തമായിരുന്നു. ഐസിസി വരുമാനത്തിന്റെ മുഖ്യപങ്ക് ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക്(ബിഗ് ത്രീ) ലഭിക്കുന്നതിനെതിരെ ശശാങ്ക് ഭേദഗതി വരുത്തിയിരുന്നു.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കാനിരിക്കെ, അതിനെതിരെ ബിസിസിഐ നടത്തിയ അണിയറ നീക്കങ്ങളാണു രാജിയിലേക്കു നയിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലെ പ്രമേയം പാസാവുകയുള്ളു. എന്നാല്‍ ബംഗ്ലദേശ്, ശ്രീലങ്ക, സിംബാബ്‌വെ എന്നിവിടങ്ങളിലെ ബോർഡുകളെ സ്വന്തം പക്ഷത്തു നിർത്തി പ്രമേയത്തെ എതിർക്കാൻ ബിസിസിഐ കരുനീക്കം നടത്തി വരുന്നതിനിടെയായിരുന്നു ശശാങ്കിന്റെ പൊടുന്നനെയുള്ള രാജി. പ്രമേയം പരാജയപ്പെട്ടാൽ ഉണ്ടാകാവുന്ന മാനക്കേടു ഭയന്നാവാം രാജിയെന്നായിരുന്നു ഐസിസി വൃത്തങ്ങൾ നല്‍കിയ സൂചന.

ബിസിസിഐ പ്രസിഡന്റ് പദവിയിൽനിന്നായിരുന്നു ശശാങ്ക് ഐസിസിയുടെ തലപ്പത്തെത്തിയത്. ബിസിസിഐ പ്രസിഡന്റ് പദവിയും ഐസിസി ചെയർമാൻ സ്ഥാനവും ഒരേസമയം വഹിച്ചിരുന്ന ശശാങ്ക് കഴിഞ്ഞ വർഷം ബിസിസിഐ പദവിയൊഴിഞ്ഞു. ഐസിസി ചെയർമാൻ, ഏതെങ്കിലും രാജ്യത്തെ ക്രിക്കറ്റ് ബോർഡ് പ്രതിനിധിയായിരിക്കരുതെന്നും സ്വതന്ത്രനായി മൽസരിക്കണമെന്നുമുള്ള നിബന്ധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. രാജ്യാന്തര സമിതിയുടെ മേധാവിയായതോടെ, ശശാങ്ക് തങ്ങളെ മറന്നുവെന്ന പരിഭവം ബിസിസിഐ ഭാരവാഹികൾക്കിടയിൽ അടുത്തകാലത്തു ശക്തമായിരുന്നു.

 

 

click me!