ശശാങ്ക് മനമോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

By Web DeskFirst Published May 10, 2016, 1:08 PM IST
Highlights

മുംബൈ: ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ഐസിസിയിലെ ബിസിസിഐ പ്രതിനിധി സ്ഥാനവും മനോഹര്‍ രാജിവെച്ചിട്ടുണ്ട്. 58കാരായ ശശാങ്ക് മനോഹര്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ നിര്യണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് രണ്ടാം തവണയും ബിസിസിഐ പ്രസിഡന്‍റായത്.മുമ്പ് 2008 മുതല്‍ 2011വരെ ബിസിസിഐ പ്രഡിന്റായിരുന്നു മനോഹര്‍.

വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ആദ്യ അധ്യക്ഷനാകുന്നതിന്റെ ഭാഗമായി ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് പദവി രാജിവേച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ ഐസിസിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട ചെയര്‍മാനാണ് അദ്ദേഹം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 2021വരെ അദ്ദേഹത്തിന് ഐസിസി ചെയര്‍മാന്‍ പദവിയില്‍ തുടരാനാവും.

വോട്ടെടുപ്പിലൂടെ  ഐസിസിയുടെ സ്വതന്ത്ര അധ്യക്ഷനാവുമ്പോള്‍ ഇരട്ടപ്പദവി പാടില്ലെന്നാണ് ഐസിസി  ഉന്നതാധികാര സമിതിയുടെ തീരുമാനം. നിലവില്‍ ഐ സിസിയുടെ  നാമനി‍ര്‍ദേശം ചെയ്യപ്പെട്ട ചെയര്‍മാനാണ് ശശാങ്ക് മനോഹര്‍. സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റിയുമായുള്ള നിയമപോരാട്ടം നടക്കവേയാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ക്ലീന്‍ ഇമേജുള്ള ശശാങ്ക് മനോഹറുടെ രാജി.

മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അജയ് ഷിര്‍ക്കെ, ആന്ധ്രയില്‍ നിന്നുള്ള ബിജെപി എം പിയും ബിസിസിഐ വൈസ് പ്രസിഡന്‍റുമായ  ജി ഗംഗാരാജു, ഐപിഎല്‍  കമ്മീഷണറും കോണ്‍ഗ്രസ് എം പിയുമായ രാജീവ് ശുക്ല എന്നിവരിലൊരാള്‍ മനോഹറിന്റെ പകരക്കാരന്‍ ആയേക്കുമെന്നാണ് സൂചന.

click me!