വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങി വരൂ; ഇതിഹാസതാരത്തോട് ഗാംഗുലി

By Web DeskFirst Published Aug 28, 2017, 12:27 PM IST
Highlights

കൊല്‍ക്കത്ത: ലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാര വിരമിക്കല്‍ പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യക്കെതിരായ പരമ്പരയില്‍ ലങ്കന്‍ ക്രിക്കറ്റ് ടീം ദയനീയ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഗാംഗുലി സംഗയോട് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സംഗക്കാര രാജ്യാന്തര ക്രിക്കറ്റില്‍ തുടരണമെന്നും ഗാംഗുലി പറഞ്ഞു. മടങ്ങിവരാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഗയോട് ആവശ്യപ്പെടണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ തോല്‍വിയോടെയാണ് ഈ വര്‍ഷം ലങ്ക തുടങ്ങിയത്. ഒരു ട്വന്റി-20 ജയിച്ചെങ്കിലും ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടന്ന പരമ്പര സ്വന്തമാക്കാന്‍ ലങ്കയ്ക്കായിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. പിന്നാലെ നാട്ടില്‍ സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയില്‍ തോല്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ലങ്ക തോറ്റു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഈ വര്‍ഷം കൗണ്ടി ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലായിരുന്നു സംഗക്കാര. ഏഴ് മത്സരങ്ങളില്‍ നിന്ന് 1086 റണ്‍സാണ് സംഗ അടിച്ചെടുത്തത്. ആറ് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സംഗ എട്ടു മത്സരങ്ങളില്‍ നിന്ന് 215 റണ്‍സടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിരമിക്കല്‍ മാറ്റിവെച്ച് ക്രിക്കറ്റിലേക്ക് മടങ്ങി ലങ്കയെ രക്ഷിക്കാന്‍ സംഗയോട് ഗാംഗുലി ആവശ്യപ്പെടുന്നത്.

click me!