ദേശീയ കായിക പുരസ്കാരങ്ങളില്‍ മലയാളിത്തിളക്കം; താരങ്ങൾക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി

By Web TeamFirst Published Aug 17, 2019, 9:05 PM IST
Highlights

ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെളളിയും കരസ്ഥമാക്കിയ മുഹമ്മദ് അനസ് അര്‍ജുന അവാര്‍ഡിനാണ് അർഹനായത്. 

തിരുവനന്തപുരം: ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടിയ മലയാളി താരങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മാനുവല്‍ ഫെഡ്രിക്‌സ്, മുഹമ്മദ് അനസ് യഹിയ, യു വിമല്‍കുമാര്‍ എന്നിവരാണ് ദേശീയ കായിക പുരസ്കാരങ്ങൾക്ക് അർഹരായത്. കായിക മന്ത്രി ഇ പി ജയരാജനും പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ നേർന്നു.

ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെളളിയും കരസ്ഥമാക്കിയ മുഹമ്മദ് അനസ് അര്‍ജുന അവാര്‍ഡിനാണ് അർഹനായത്. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡും അനസ് തിരുത്തിയിരുന്നു. കൊല്ലം നിലമേൽ സ്വദേശിയാണ് മുഹമ്മദ് അനസ്. കേരളത്തില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നതായി യൂറോപ്പില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന അനസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഹോക്കി മുന്‍ ഗോള്‍ കീപ്പറായ മാനുവേൽ ഫ്രെഡറിക്സ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അർഹനായി. ഒളിംപിക്സില്‍ മെഡൽ നേടിയ ഏക മലയാളിയാണ് മാനുവേൽ ഫ്രെഡറിക്സ്. ഒളിംപ്യനായിട്ടും അര്‍ജുന അവാര്‍ഡ് ലഭിക്കാതെ പോയ ബാഡ്മിന്‍റൺ കോച്ച് യു വിമൽകുമാര്‍ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരം നേടുന്ന ആറ് പേരിലൊരാളായി.

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഷൂട്ടിംഗ് താരം അഞ്ജും മൗദ്ഗിൽ എന്നിവരടക്കം 19 പേരാണ് അര്‍ജുന പുരസ്കാരത്തിന് അര്‍ഹരായത്. അഞ്ജു ബോബി ജോര്‍ജും മേരി കോമും അടങ്ങിയ പുരസ്കാരനിര്‍ണയസമിതിയെ വീട്ടിലേക്ക് ക്ഷണിച്ചാണ് കായികമന്ത്രി കിരൺ റിജിജു പുരസ്കാരപ്പട്ടിക സ്വീകരിച്ചത്. പുരസ്കാരങ്ങള്‍ ഈ മാസം 29ന് വിതരണം ചെയ്യും.   

click me!